ധാക്ക : ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ ഹിന്ദു ന്യൂനപക്ഷ പൗരനായ ദിപു ചന്ദ്ര ദാസിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതിയായ യാസിൻ അറാഫത്തിനെ ബംഗ്ലാദേശ് പോലീസ് അറസ്റ്റ് ചെയ്തു. മുൻ അധ്യാപകനായ യാസിൻ അറാഫത്ത് ആക്രമണം ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും പ്രധാന പങ്കുവഹിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങൾക്കിടയിലാണ് യാസിൻ അറസ്റ്റിലായത്.
ഡിസംബർ 18 നാണ് ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിലെ ടെക്സ്റ്റൈൽ ഫാക്ടറിയിലെ തൊഴിലാളിയായ ദിപു ചന്ദ്ര ദാസിനെ ഫാക്ടറി സൂപ്പർവൈസർ നിർബന്ധിച്ച് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. പിന്നാലെ അക്രമാസക്തരായ ജനക്കൂട്ടം അദ്ദേഹത്തെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി, മൃതദേഹം മരത്തിൽ കെട്ടിത്തൂക്കി തീകൊളുത്തി. ദീപുവിന്റെ സഹപ്രവർത്തകരിൽ ഒരാൾക്കും ഈ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു.
മുഖ്യപ്രതിയായ യാസിൻ അറഫാത്ത് ശേഖബാരി പള്ളിയിൽ ഇമാമായി ജോലി ചെയ്തിരുന്നുവെന്നും കഴിഞ്ഞ 18 മാസമായി മദ്രസയിൽ പഠിപ്പിച്ചുവരികയാണെന്നും ബംഗ്ലാദേശ് പോലീസ് പറഞ്ഞു. എന്നാൽ, ദിപു ചന്ദ്ര ദാസിന്റെ കൊലപാതകത്തിനുശേഷം, യാസിൻ പ്രദേശം വിട്ട് കഴിഞ്ഞ 12 ദിവസമായി ഒളിവിൽ കഴിയുകയായിരുന്നു. തലസ്ഥാനമായ ധാക്കയിലെ നിരവധി മദ്രസകളിൽ ഒളിവിൽ താമസിച്ചു. വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് അയാൾ ഒരു സുഫ മദ്രസയിൽ അധ്യാപക ജോലി പോലും കണ്ടെത്തിയിരുന്നു.
യാസിൻ തന്നെയാണ് ദീപുവിനെ റോഡിലൂടെ വലിച്ചിഴച്ചത്. ആൾക്കൂട്ടത്തെ ആക്രമിക്കാൻ പ്രേരിപ്പിക്കുക മാത്രമല്ല, ദീപുവിനെ മരത്തിൽ കെട്ടിത്തൂക്കി പിന്നീട് തീകൊളുത്തിയതും യാസിനാണ്. . കേസിൽ ആകെ 21 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, ഇതിൽ ഒമ്പത് പേർ കോടതിയിൽ കുറ്റം സമ്മതിച്ചിട്ടുണ്ട്.

