ഡബ്ലിൻ: എഐ ഡീപ്ഫേക്കിനെതിരായ നിയമം ഉടൻ കൊണ്ടുവരണമെന്ന ആവശ്യവുമായി ഫിയന്ന ഫെയിൽ നേതാവ്. ടിഡി മാൽകം ബെൺ ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഡീപ്പ് ഫേക്ക്, നഗ്നത എന്നിവ ക്രിമിനൽ കുറ്റമാക്കുന്ന ബില്ല് വേഗത്തിൽ പാസാക്കണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
എലോൺ മസ്ക് വികസിപ്പിച്ചെടുത്ത എഐ ചാറ്റ്ബോട്ട് ഗ്രോക്ക് ആളുകളുടെ നഗ്നമായ ഡീപ്ഫേക്ക് ചിത്രങ്ങൾ സൃഷ്ടിച്ചത് വലിയ വിവാദം ആയിരുന്നു. ഇതിന് പിന്നാലെയാണ് നിമയങ്ങൾ ഉടനടി പ്രാബല്യത്തിൽ കൊണ്ടുവരണമെന്ന് മാൽക്കം അഭിപ്രായപ്പെട്ടത്.
ആരുടെയെങ്കിലും ചിത്രമോ ശബ്ദമോ അവരുടെ സമ്മതമില്ലാതെ ദുരുപയോഗം ചെയ്യുന്നത് ക്രിമിനൽ കുറ്റമായി തന്നെ കണക്കാക്കണം എന്ന് മാൽക്കം പറഞ്ഞു. അതിനുള്ള ശക്തമായ ഒരു ചട്ടക്കൂട് ഈ ബിൽ നൽകുന്നു. അടിയന്തിരമായി ആവശ്യമായ നിയമനിർമ്മാണത്തിനുള്ള ഒരു തുടക്കമായി ഇതിനെ സർക്കാർ കാണണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

