മുംബൈ: മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശിവരാജ് പാട്ടീൽ അന്തരിച്ചു. 90 വയസ്സായിരുന്നു. ഇന്ന് രാവിലെ മഹാരാഷ്ട്രയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം . വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു ശിവരാജ് പാട്ടീൽ .
ലോക്സഭയുടെ മുൻ സ്പീക്കറായിരുന്ന അദ്ദേഹം കേന്ദ്ര മന്ത്രിസഭയിൽ പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. തുടർച്ചയായി ഏഴ് തവണ ലാത്തൂർ ലോക്സഭാ സീറ്റ് പാട്ടീൽ നിലനിർത്തിയിരുന്നു.
1935 ഒക്ടോബർ 12 ന് വിശ്വനാഥ റാവുവിന്റെയും ഭാഗീരഥി ഭായിയുടെയും മകനായി ലാത്തൂരിൽ ജനിച്ച അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി ഹൈദരാബാദിലെ ഒസ്മാനിയ സർവകലാശാലയിൽ നിന്ന് ബിഎസ്സിയും ബോംബെ സർവകലാശാലയിൽ നിന്ന് നിയമ ബിരുദവും നേടി. 1972 ൽ ലാത്തൂരിൽ നിന്ന് നിയമസഭയിൽ പ്രവേശിച്ചു.
മന്ത്രി, സ്പീക്കർ എന്നീ പദവികൾ അദ്ദേഹം വഹിച്ചു. 1980-ലാണ് അദ്ദേഹം ആദ്യമായി ലോക്സഭയിലെത്തിയത്. തുടർച്ചയായി ഏഴ് തവണ ലോക്സഭയിലെത്തി. 1989 വരെ കേന്ദ്രമന്ത്രിയായിരുന്നു. 1991 മുതൽ 1996 വരെ ലോക്സഭാ സ്പീക്കറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ആരോഗ്യപ്രശ്നങ്ങൾ കാരണം അദ്ദേഹം വളരെക്കാലമായി രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. മന്ത്രിയായിരിക്കെ, 26/11 മുംബൈ ആക്രമണത്തെത്തുടർന്ന് സുരക്ഷാ വീഴ്ചകളുടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം രാജിവച്ചിരുന്നു .

