ന്യൂഡൽഹി: ഡൽഹി സ്ഫോടന കേസുമായി ബന്ധപ്പെട്ട് അൽ ഫലാഹ് സർവകലാശാലയിലും അനുബന്ധ സ്ഥാപനങ്ങളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു. ഡൽഹിയിലും ഫരീദാബാദിലുമുള്ള 25 സ്ഥലങ്ങളിലാണ് റെയ്ഡുകൾ . ചൊവ്വാഴ്ച പുലർച്ചെ 5 മണിക്കാണ് റെയ്ഡുകൾ ആരംഭിച്ചത്. ഡൽഹിയിലെ സർവകലാശാലയുടെ ആസ്ഥാനത്തും ട്രസ്റ്റികളുടെ മറ്റ് സ്ഥാപനങ്ങളിലും റെയ്ഡുകൾ നടക്കുന്നുണ്ട്.
സർവകലാശാലയിലെ സാമ്പത്തിക ക്രമക്കേടുകളും ഇഡി അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം പുതിയ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സർവകലാശാല ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖിയെ ഇഡി ചോദ്യം ചെയ്യുന്നുണ്ട് . കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒളിവിലായിരുന്ന സിദ്ദിഖിയെ രഹസ്യ വിവരത്തെ തുടർന്ന് ഇ.ഡി ഉദ്യോഗസ്ഥർ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു
1992 ൽ അൽ ഫലാഹ് ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെ ഡയറക്ടറായിരുന്ന സിദ്ദിഖി പിന്നീട് അൽ ഫലാഹ് എന്ന പേരിൽ ട്രസ്റ്റ് ആരംഭിച്ചു. പിന്നീട് സിദ്ദിഖി തന്റെ ബിസിനസ്സ് വിദ്യാഭ്യാസം, സോഫ്റ്റ്വെയർ, സാമ്പത്തിക സേവനങ്ങൾ, ഊർജ്ജ മേഖലകളിലേക്ക് വ്യാപിപ്പിച്ചു. ഹലാൽ നിക്ഷേപത്തിന്റെ പേരിൽ ആളുകളെ വഞ്ചിച്ചതിന് 2000 ൽ ഡൽഹി പോലീസ് അദ്ദേഹത്തിനെതിരെ വഞ്ചനയ്ക്ക് കേസ് രജിസ്റ്റർ ചെയ്തു.
ജയ്ഷെ-ഇ-മുഹമ്മദുമായുള്ള ബന്ധം പുറത്തുവന്നതിനെത്തുടർന്ന് അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് (എ.ഐ.യു) അൽ ഫലാഹ് യൂണിവേഴ്സിറ്റിയുടെ അംഗത്വം റദ്ദാക്കിയിരുന്നു. അതിനു പിന്നാലെ ഡൽഹി പോലീസ് അടുത്തിടെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. വ്യാജരേഖ ചമയ്ക്കലുമായി ബന്ധപ്പെട്ടും കേസെടുത്തിട്ടുണ്ട്.
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി) സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഡൽഹി സ്ഫോടനക്കേസിലെ ചാവേർ ബോംബർ ഡോ. ഉമർ നബിയും ജയ്ഷെ-ഇ-മുഹമ്മദുമായി ബന്ധമുള്ള ഫരീദാബാദിലെ ഭീകരവാദ മൊഡ്യൂളിൽ ഉൾപ്പെട്ട മറ്റുള്ളവരും അൽ ഫലാഹ് യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്തിരുന്നു

