ചെന്നൈ: നടനും, ടിവികെ നേതാവുമായ വിജയ്ക്ക് നൽകിയിരുന്ന ഇസഡ് പ്ലസ് സുരക്ഷ തമിഴ്നാട് പോലീസ് പിൻവലിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ , വിജയുടെ വസതിയിലും പാർട്ടി ഓഫീസിലും പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. പാർട്ടി പ്രവർത്തകരുടെയും ആരാധകരുടെയും തിരക്ക് നിയന്ത്രിക്കുന്നതിനാണ് ഈ ക്രമീകരണങ്ങൾ ചെയ്തതെന്ന് പോലീസ് പറഞ്ഞിരുന്നു.
വിജയ്യുടെ സുരക്ഷയ്ക്ക് മേൽനോട്ടം വഹിക്കാൻ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട് . സംസ്ഥാന പോലീസിന്റെ സുരക്ഷാ വിഭാഗമായ സിഐഡിയിൽ നിന്നുള്ള ഒരു ഡസനിലധികം സായുധ കമാൻഡോകളാണ് സുരക്ഷാ ചുമതലകൾ ഏറ്റെടുത്തിരിക്കുന്നത് . ആക്സസ് കൺട്രോൾ സംവിധാനവും സജ്ജമാക്കി. പോലീസ് സൂപ്രണ്ട് റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരോട് ഇന്റലിജൻസ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ഓഫീസിൽ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. പിന്നീടാണ് അവരെയെല്ലാം പിൻവലിച്ചത്.
അതേസമയം, ടിവികെയുടെ മുതിർന്ന നേതാക്കളുടെ അഭ്യർഥന മാനിച്ചാണ് സുരക്ഷാ ക്രമീകരണങ്ങൾ പിൻവലിച്ചതെന്ന് പോലീസ് പറഞ്ഞു. അവർക്ക് സുരക്ഷാ വാഹനവ്യൂഹമോ സുരക്ഷാ പ്രോട്ടോക്കോളുകളോ ആവശ്യമില്ലെന്ന് പറഞ്ഞതായും പൊലീസ് വ്യക്തമാക്കി. എങ്കിലും, കേന്ദ്ര സർക്കാർ നൽകുന്ന ‘വൈ’ സ്കെയിൽ സുരക്ഷ വിജയ്ക്ക് തുടർന്നും ലഭിക്കും. അദ്ദേഹത്തിന്റെ യാത്രയിലും താമസത്തിലും സെൻട്രൽ റിസർവ് പോലീസ് സേനയുടെ സായുധ ഗാർഡുകൾ അദ്ദേഹത്തിന് സുരക്ഷ നൽകും. യാത്രയിലും പൊതുയോഗങ്ങളിലും ലോക്കൽ പോലീസിനെയും വിന്യസിക്കും.

