ബെംഗളൂരു : വോട്ട് അട്ടിമറി ആരോപണത്തിൽ രാഹുലിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയതിനെതിരെ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ . രാഹുലിന് നോട്ടീസ് നൽകാൻ അവർ ആരാണെന്നാണ് ശിവകുമാറിന്റെ ചോദ്യം. തെരഞ്ഞെടുപ്പ് കമ്മീഷന് ഈ രീതിയിൽ പ്രവർത്തിക്കാൻ അധികാരമില്ലെന്നും ശിവകുമാർ പറഞ്ഞു.
“അവർ ആരാണ് നോട്ടീസ് നൽകാൻ? ഞങ്ങൾ അവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഞങ്ങൾക്ക് നോട്ടീസ് നൽകാൻ അവകാശമുണ്ട്. ഞങ്ങൾക്ക് ഒരു നോട്ടീസ് നൽകാൻ അവർക്ക് ഒരു അധികാരവുമില്ല . ഞങ്ങൾ തിരഞ്ഞെടുപ്പിൽ നിയമപരമായി വിജയിച്ചു. ജനാധിപത്യത്തിൽ, തിരഞ്ഞെടുപ്പ് നിയമപരമായി നടത്തണം, സ്വതന്ത്രവും നീതിയുക്തവുമായ ഒരു തിരഞ്ഞെടുപ്പ് നടത്താൻ നിങ്ങൾക്ക് അവസരമുണ്ട്, എന്നാൽ ഞങ്ങൾക്ക് ഒരു നോട്ടീസ് നൽകാൻ നിങ്ങൾക്ക് അവകാശമില്ല. നിങ്ങൾക്ക് നിയമം വഴി ഉത്തരം നൽകും ” ഡി.കെ. ശിവകുമാർ പറഞ്ഞു.
രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷൻ ഡാറ്റ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂവെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ “ശല്യപ്പെടുത്തുകയും” നോട്ടീസ് നൽകുകയും ചെയ്തിരിക്കുകയാണെന്നും കോൺഗ്രസ് എംഎൽഎ റിസ്വാൻ അവകാശപ്പെട്ടു. രാഹുൽ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ സത്യവാങ്മൂലം നൽകണമെന്ന് ആവശ്യപ്പെട്ട് രാഹുലിന് കമ്മീഷൻ നോട്ടീസ് നൽകിയിരുന്നു. ഇതാണ് കോൺഗ്രസ് നേതാക്കൾ ചൊടിപ്പിച്ചത് .
മഹാദേവ്പുര നിയമസഭാ സീറ്റിൽ ഒരു ലക്ഷത്തിലധികം വോട്ടുകൾ മോഷ്ടിക്കപ്പെട്ടുവെന്നും ഒരു സ്ത്രീ രണ്ടുതവണ വോട്ട് ചെയ്തുവെന്നുമായിരുന്നു രാഹുൽ ഗാന്ധി ആരോപിച്ചത് . എന്നാൽ രാഹുൽ ഗാന്ധി അവതരിപ്പിച്ച രേഖകളും സ്ക്രീൻഷോട്ടുകളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രാഹുലിന് അയച്ച നോട്ടീസിൽ പറയുന്നു.
രണ്ടുതവണ വോട്ട് ചെയ്തതായി ആരോപിക്കപ്പെട്ട സ്ത്രീ തന്നെ ഇത് നിഷേധിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ ഇത് വ്യക്തമായിട്ടുണ്ടെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.

