ബെംഗളുരു : കന്നഡ നടനും സംവിധായകനുമായ ഗുരുപ്രസാദിനെ മരിച്ച നിലയിൽ കണ്ടെത്തി. 52 വയസായിരുന്നു . മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം മദനായകനഹള്ളിയിലെ അപ്പാർട്ട്മെൻ്റിൽ അഴുകിയ നിലയിലാണ് കണ്ടെത്തിയത് . മൂന്ന് ദിവസം മുമ്പ് തൂങ്ങിമരിച്ചതായാണ് സംശയം. പ്രത്യക്ഷത്തിൽ ആത്മഹത്യയാണെന്ന് തോന്നുമെങ്കിലും വിശദമായ അന്വേഷണം ആവശ്യമാണെന്ന് പോലീസ് പറഞ്ഞു .
ഇന്ന് രാവിലെയാണ് പ്രദേശവാസികൾക്ക് ദുർഗന്ധം വമിക്കാൻ തുടങ്ങിയത്. പോലീസിൽ എത്തിയാണ് വാതിൽ തുറന്നതെന്നാണ് പ്രാഥമിക വിവരം. നവംബർ 2 ഗുരുപ്രസാദിൻ്റെ ജന്മദിനമാണ്. ഇതിന് പിന്നാലെ അദ്ദേഹത്തിൻ്റെ മരണവാർത്ത എത്തിയത് സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
വിവാദങ്ങളിലൂടെ എന്നും വാർത്തകളിൽ നിറയുന്ന സംവിധായകനായിരുന്നു ഗുരുപ്രസാദ് .1972-ൽ കനകപൂരിൽ ജനിച്ച ഗുരുപ്രസാദ് രാമചന്ദ്ര ശർമ്മ 2006-ൽ പുറത്തിറങ്ങിയ ‘മത’ എന്ന ചിത്രത്തിലൂടെ സംവിധായകനായാണ് കന്നഡ സിനിമയിൽ തൻ്റെ കരിയർ ആരംഭിച്ചത്.
2009-ൽ ‘എഡേലു മഞ്ജുനാഥ’ എന്ന ചിത്രത്തിന് ഫിലിം ഫെയർ അവാർഡ് ലഭിച്ചിരുന്നു .‘മത’, ‘എഡേലു മഞ്ജുനാഥ’, ‘മൈലാരി’, ‘ഹുഡുഗുരു’, ‘അനന്തു v/s നുസ്രത്ത്’ തുടങ്ങിയ ചിത്രങ്ങളിൽ അഭിനേതാവായും അദ്ദേഹം തിളങ്ങി.
കിച്ച സുധീപ് അവതരിപ്പിച്ച ബിഗ് ബോസ് കന്നഡയിൽ പങ്കെടുത്ത അദ്ദേഹം നിരവധി റിയാലിറ്റി ഷോകളിൽ വിധികർത്താവായും എത്തിയിരുന്നു . അടുത്തിടെയാണ് ഗുരുപ്രസാദ് രണ്ടാം വിവാഹം കഴിച്ചത് . എന്നാൽ രണ്ടാം വിവാഹശേഷവും ഗുരുപ്രസാദ് തനിച്ചാണ് കഴിഞ്ഞിരുന്നതെന്നാണ് റിപ്പോർട്ടുകൾ .