തിരുവനന്തപുരം: 90 ൽ അധികം സീറ്റുകൾ നേടി എൽഡിഎഫ് കേരളത്തിൽ മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
ഭരണവിരുദ്ധ വികാരത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ എംവി ഗോവിന്ദൻ നിഷേധിച്ചു. വോട്ടിംഗ് ശതമാനം വർദ്ധിക്കാൻ കാരണം സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ ആണെന്നും , ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു . സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഉത്തരേന്ത്യയിൽ കണ്ട അതേ തന്ത്രങ്ങളിൽ ചിലത് കേരളത്തിൽ കണ്ടു. യു.ഡി.എഫും ബി.ജെ.പിയും പ്രചാരണത്തിനായി വൻതോതിൽ പണം ഒഴുക്കി. പണം നൽകി വോട്ട് വാങ്ങാൻ ശ്രമം നടന്നു. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും 90 ൽ അധികം സീറ്റുകൾ നേടി ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തി. ഇത്തവണയും വിശദമായി പരിശോധിച്ചപ്പോൾ, 90 ൽ അധികം സീറ്റുകൾ നേടി ഹാട്രിക് നേടുമെന്നതിൽ സംശയമില്ല.
എല്ലാവർക്കും വോട്ടവകാശം ഉറപ്പാക്കാൻ ഉത്തരവാദിത്തമുള്ള ഏജൻസിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. എന്നിട്ടും, തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർക്ക് വോട്ട് ചെയ്യാനുള്ള അവസരം നിഷേധിക്കുന്ന നിലപാട് അവർ സ്വീകരിച്ചു. 20,000 ൽ അധികം ആളുകൾക്ക് വോട്ട് ചെയ്യാൻ അവസരം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാണ്, ”എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു

