തിരുവനന്തപുരത്തിൻ്റെ ഗുരുവായൂർ എന്നറിയപ്പെടുന്ന ഇടമാണ് നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം . വെണ്ണയുണ്ണുന്ന ബാലഗോപാലന്റെ രൂപം കണി കാണുന്നവർക്കു വർഷം മുഴുവൻ ഭാഗ്യമുണ്ടാകുമെന്നാണു വിശ്വാസം.
എട്ടുവീട്ടിൽ പിള്ളമാരുടെ ആക്രമണത്തെ തുടർന്ന് തിരുവനന്തപുരത്തു നിന്നു രക്ഷപെട്ട അനിഴം തിരുനാൾ നെയ്യാറിന്റെ കരയിലെത്തി. ശത്രുക്കളെ പേടിച്ചു നടന്ന രാജാവിന് അവിടെ പശുക്കളെ മേച്ചു നിന്ന കുട്ടി ഒരു പ്ലാവ് കാണിച്ചു കൊടുത്തു. മരത്തിനു നടുവിലെ പൊത്തിൽ കയറി ഒളിക്കാൻ ആ കുട്ടി പറഞ്ഞു. തന്നെ രക്ഷിച്ച കുട്ടിയെ രാജാവ് പിന്നീട് പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണന്റെ ലീലകളായിരുന്നു അതെന്നു പ്രശ്നവിധി നടത്തിയവർ കണ്ടെത്തി. പ്ലാവിന്റെ സമീപത്തായി ഗോപാലകൃഷ്ണനെ പ്രതിഷ്ഠിച്ച് രാജാവ് ക്ഷേത്രം നിർമിച്ചു എന്നാണ് വിശ്വാസം.
രണ്ടുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന ഭാവത്തിലുള്ള ഉണ്ണിക്കണ്ണനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. തിരുവനന്തപുരത്തിൻ്റെ ഗുരുവായൂര്‍ എന്നാണ് വിശ്വാസികള്‍ സ്നേഹപൂര്‍വ്വം നെയ്യാറ്റിന്‍കര ക്ഷേത്രത്തെ വിളിക്കുന്നത്. നിവേദ്യ സമയത്ത് മറ്റു നിവേദ്യങ്ങളോടൊപ്പം ഇവിടെ കൃഷ്ണന് വെണ്ണ സമര്‍പ്പിച്ചുകൊണ്ടേയിരിക്കും.
തൃക്കൈവെണ്ണ സമർപ്പിച്ച് പ്രാർഥിച്ചാൽ കണ്ണന്റെ അനുഗ്രഹമുണ്ടാകുമെന്നാണ് വിശ്വാസം. ഉണ്ണിയപ്പവും കട്ടിപ്പായസവും പാൽപ്പായസവുമാണ് പ്രസാദം. വിഷുദിവസം ഉച്ചയ്ക്ക് പ്രത്യേക സദ്യയുണ്ട്.

