മുംബൈ : ശക്തി ചുഴലിക്കാറ്റ് ശക്തിയാർജ്ജിക്കുന്നു . അറബിക്കടലിൽ രൂപംകൊണ്ട ‘ശക്തി’ ചുഴലിക്കാറ്റ് മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലാണ് തീവ്രമാകുന്നത്. ഇതോടെ തീരങ്ങളില്‍ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.
ശക്തി ചുഴലിക്കാറ്റ് ഇന്ന് പടിഞ്ഞാറൻ മധ്യ അറേബ്യൻ കടലില്‍ എത്താനുള്ള സാധ്യത മുന്നില്‍ കണ്ടതോടെ കേരളത്തിലും ജാഗ്രത നിര്‍ദേശം. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഐഎംഡി സാധ്യത പ്രവചന പ്രകാരം ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. അടുത്ത 5 ദിവസത്തേക്ക് മഴ തുടരാനും സാധ്യത. പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഗുജറാത്ത്-മഹാരാഷ്ട്ര തീരത്ത് ചൊവ്വാഴ്ച വരെ തിരകള്‍ ശക്തി പ്രാപിക്കാനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 45-55 കിലോമീറ്റർ മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ടെന്ന് ഐഎംഡി പ്രവചിക്കുന്നു. തിങ്കളാഴ്ച വരെ മണിക്കൂറിൽ 60-100 കിലോമീറ്റർ വേഗതയിൽ കാറ്റ് തുടരുമെന്നും ഐഎംഡി അറിയിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ഐഎംഡി മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഒക്ടോബർ 8 വരെ മുംബൈയിൽ ഇടയ്ക്കിടെ നേരിയ മഴയ്ക്ക് സാധ്യതുണ്ടെന്ന് കലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു. അതേസമയം പാൽഘർ ജില്ലയിൽ ഒക്ടോബർ 8 ന് കനത്ത മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഗുജറാത്തിൽ കരയിലേക്ക് കടക്കാതെ ശക്തി കടലിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് പ്രവചനങ്ങൾ പറയുമ്പോഴും എല്ലാ ജില്ലകളും സ്ഥിതിഗതികൾ സൂക്ഷ്മായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് എന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു.
ഞായറാഴ്ചയോടെ ശക്തി ചുഴലിക്കാറ്റ് പടിഞ്ഞാറ്, തെക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വടക്കുപടിഞ്ഞാറൻ ദിശയിലും അതിനോട് ചേർന്നുള്ള പടിഞ്ഞാറൻ മധ്യ അറേബ്യൻ കടലിലും എത്താൻ സാധ്യതയുണ്ട്. തിങ്കളാഴ്ച രാവിലെ മുതൽ കിഴക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങി ക്രമേണ ദുർബലമാകാൻ സാധ്യതയുണ്ട്.

