ന്യൂഡൽഹി : പാകിസ്ഥാനെതിരെ ഇന്ത്യൻ സുരക്ഷാ സേന ആരംഭിച്ച ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയ കരസേനാ ഉദ്യോഗസ്ഥ കേണൽ സോഫിയ ഖുറേഷിയെ റിപ്പബ്ലിക് ദിനത്തിൽ ആദരിക്കും. കേണൽ സോഫിയ ഖുറേഷിക്ക് വിശിഷ്ട സേവാ മെഡൽ സമ്മാനിക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങൾ നശിപ്പിക്കാനുള്ള ഇന്ത്യയുടെ ഓപ്പറേഷനായ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് കിംവദന്തികൾ പ്രചരിച്ചപ്പോൾ, കരസേനയിലെ കേണൽ സോഫിയ ഖുറേഷിയെയും ഇന്ത്യൻ വ്യോമസേനയിലെ വിംഗ് കമാൻഡർ വ്യോമിക സിംഗിനെയുമാണ് സത്യം ലോകത്തിന് മുന്നിൽ തുറന്ന് കാട്ടാൻ സർക്കാർ നിയോഗിച്ചത്. ഇരുവരും പാകിസ്ഥാന്റെ നുണകൾ തുറന്നുകാട്ടുകയും ഓപ്പറേഷൻ സിന്ദൂറിന്റെ ഉദ്ദേശ്യം ലോകത്തിന് മുന്നിൽ വെളിപ്പെടുത്തുകയും ചെയ്തു.
ബഹുരാഷ്ട്ര സൈനികാഭ്യാസത്തിൽ ഇന്ത്യൻ സംഘത്തെ നയിച്ചപ്പോഴാണ് കേണൽ സോഫിയ ഖുറേഷി ആദ്യമായി ശ്രദ്ധേയയായത്. എക്സർസൈസ് ഫോഴ്സ് 18 എന്ന് വിളിക്കപ്പെടുന്ന ഇത് ഇന്ത്യ ഇതുവരെ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ വിദേശ സൈനികാഭ്യാസമായിരുന്നു. പങ്കെടുത്ത 18 സംഘങ്ങളിൽ ലെഫ്റ്റനന്റ് കേണൽ സോഫിയ ഖുറേഷി മാത്രമായിരുന്നു ഏക വനിതാ ഓഫീസർ.
ഗുജറാത്തിലെ വഡോദരയിൽ താമസിക്കുന്ന സോഫിയ ഖുറേഷി 1981 1999 ലാണ് ഇന്ത്യൻ ആർമിയിൽ ചേർന്നത്. 2006 ൽ ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ഐക്യരാഷ്ട്രസഭയുടെ സമാധാന സംരക്ഷണ ദൗത്യത്തിൽ സൈനിക നിരീക്ഷകയായി സേവനമനുഷ്ഠിച്ചു.

