കൊൽക്കത്ത: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ മരിച്ചതിൽ ഗുരുതരമായ ചോദ്യങ്ങൾ ഉന്നയിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി . അജിത് പവാർ ശരദ് പവാറിന്റെ പാർട്ടിയിലേക്ക് മടങ്ങാൻ പോകുകയായിരുന്നുവെന്നും , ഈ സമയത്ത് നടന്ന വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് മമത പറയുന്നത് .ഏജൻസികൾ വഴിയല്ല അതിനാൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും അവർ പറഞ്ഞു.
‘ അജിത് പവാറിന്റെ പെട്ടെന്നുള്ള വിയോഗത്തിൽ ഞാൻ അഗാധമായി ഞെട്ടിപ്പോയി! മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും സഹയാത്രികരും ഇന്ന് രാവിലെ ബാരാമതിയിൽ ഉണ്ടായ ഭയാനകമായ വിമാനാപകടത്തിൽ മരിച്ചു. അമ്മാവൻ ശരദ് പവാർ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ കുടുംബത്തിനും, അന്തരിച്ച അജിത്തിന്റെ എല്ലാ സുഹൃത്തുക്കൾക്കും അനുയായികൾക്കും എന്റെ അഗാധമായ അനുശോചനം. ഈ സംഭവം ശരിയായി അന്വേഷിക്കണം.
അജിത് പവാർ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്റെ പഴയ വിഭാഗത്തിലേക്ക് മടങ്ങാൻ പോകുകയായിരുന്നു. ഈ അപകടം അതിനു മുമ്പാണ് സംഭവിച്ചത്. രാജ്യത്ത് ആളുകൾക്ക് സുരക്ഷയില്ല. ആദ്യം, അഹമ്മദാബാദിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു, ഇപ്പോൾ അജിത് പവാറും . സമയപരിമിതി കാരണം രാജ്യത്തിന്റെ മുഖ്യമന്ത്രി ചാർട്ടേഡ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നു, അപ്പോൾ അദ്ദേഹത്തിന്റെ സുരക്ഷയെക്കുറിച്ച് എന്താണ് പറയാനുള്ളത് ? ഈ അപകടത്തിൽ ഞങ്ങൾ വളരെയധികം അസ്വസ്ഥരാണ്. ഞങ്ങൾക്ക് വാക്കുകൾ കിട്ടുന്നില്ല. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണം.” മമത പറഞ്ഞു.
അതേസമയം മമതയ്ക്കെതിരെ എം പി കങ്കണ റണാവത്ത് രംഗത്തെത്തി. “ഇന്ന് എത്ര വലിയ ദുരന്തമാണ് സംഭവിച്ചത്. പാർലമെന്റിലും നാമെല്ലാവരും ഇതിനെക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു. ഈ സമയത്ത് ഇത്തരം നീചമായ വാക്കുകൾ സംസാരിക്കുന്നത് മമത ബാനർജിക്ക് അനുയോജ്യമല്ല” കങ്കണ പറഞ്ഞു.

