ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന് സഹായവുമായി ചൈന മുന്നോട്ട് വന്നത് ഇന്ത്യയുടെ വളർച്ചയെ ലക്ഷ്യമിട്ട് നടത്തിയ നീക്കമായിരുന്നുവെന്ന് യു എസ് കോൺഗ്രസ് പാനലിന്റെ റിപ്പോർട്ട് . ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന് സൈനിക സഹായം നൽകി ഇന്ത്യയുടെ വർധിച്ചുവരുന്ന സ്വാധീനത്തെ നേരിടാനായിരുന്നു ചൈനയുടെ നീക്കം. സൈനിക സഹായത്തിൽ ഒതുങ്ങുന്നതായിരുന്നില്ല ചൈനയുടെ തന്ത്രം . അതിർത്തിയിൽ സമ്മർദ്ദം ചെലുത്താനും, സാമ്പത്തിക രംഗത്ത് ഇന്ത്യയെ തളർത്താനുമായിരുന്നു ചൈനയുടെ ശ്രമം.
ചൈനീസ് തന്ത്രങ്ങളെ നേരിടാൻ യുഎസും, ഇന്ത്യയും തമ്മിൽ ശക്തമായ ഇന്റലിജൻസ് , വ്യവസായ സഹകരണം ഉറപ്പാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏഷ്യയിൽ ചൈനയെ നേരിടുന്നതിൽ ഇന്ത്യ വഹിക്കുന്ന പ്രാധാന്യവും റിപ്പോർട്ടിൽ എടുത്തു പറയുന്നു. ഏഷ്യയിൽ അനുകൂലമായ അധികാര സന്തുലിതാവസ്ഥ സൃഷ്ടിക്കാൻ കഴിയുന്ന യുഎസ് സഖ്യസംവിധാനത്തിന് പുറത്തുള്ള ചുരുക്കം ചില ശക്തികളിൽ ഒന്നാണ് ഇന്ത്യയെന്നും റിപ്പോർട്ടിൽ പറയുന്നു. ചൈനീസ് ഉൽപ്പാദന, വിതരണ ശൃംഖലകൾക്കുള്ള ബദലും ഇന്ത്യയാണ് .
ഏഷ്യയിൽ ഇന്ത്യയുടെ വളർന്നുവരുന്ന ശക്തിയെ ചൈന വെല്ലുവിളിയായാണ് കാണുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയെ ഒന്നിലധികം മേഖലകളിൽ ഒതുക്കാനാണ് ചൈന ശ്രമിക്കുന്നത്. പ്രതിരോധം, രഹസ്യാന്വേഷണം, സമുദ്ര സുരക്ഷ, വ്യാപാരം എന്നിവയിൽ ഇന്ത്യയും, യുഎസും തമ്മിലുള്ള സഹകരണം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഒരു പ്രതിസന്ധി ഘട്ടത്തിൽ നേരിട്ട് യുദ്ധത്തിൽ ഇറങ്ങാതെ ചൈന പാകിസ്ഥാന് സഹായം നൽകുന്നതിലൂടെ പരോക്ഷമായി ഇന്ത്യയെ ലക്ഷ്യം വയ്ക്കുകയായിരുന്നു.
ചൈനയും പാകിസ്ഥാനും തമ്മിലുള്ള സൈനിക പങ്കാളിത്തം ഇന്ത്യയ്ക്ക് അടിയന്തര സാഹചര്യത്തിൽ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു .
ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന് സാങ്കേതിക സഹായം നൽകിയതായി ചൈന പരസ്യമായി സമ്മതിച്ചിരുന്നു. ചൈനീസ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററിന് നൽകിയ അഭിമുഖത്തിൽ, ചൈനീസ് എഞ്ചിനീയർ ഷാങ് ഹെങ് പാകിസ്ഥാൻ വ്യോമസേനയ്ക്ക് സാങ്കേതിക സഹായം നൽകിയ സംഘത്തിന്റെ ഭാഗമായിരുന്നു താനെന്ന് തുറന്ന് പറയുകയും ചെയ്തിരുന്നു. പാകിസ്ഥാന്റെ ആയുധങ്ങൾ പൂർണ്ണമായ പോരാട്ട ശേഷിയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് ചൈനയുടെ ലക്ഷ്യമെന്നും ഹെങ് പറഞ്ഞിരുന്നു.

