തിരുവനന്തപുരം : പദവി മോഹിച്ചല്ല കോൺഗ്രസിലേയ്ക്ക് മടങ്ങി വരുന്നതെന്ന് പദ്മജ വേണുഗോപാൽ. ബിജെപിയിൽ നിന്ന് രാജി വച്ച് പദ്മജ കോൺഗ്രസിലേയ്ക്ക് മടങ്ങുന്നത് അധികാരം മോഹിച്ചാണെന്ന് കോൺഗ്രസിനുള്ളിൽ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. അതിനു മറുപടിയെന്നോണം ക്ഷമ പറഞ്ഞാണ് പദ്മജയുടെ ഫേസ്ബുക്ക് പോസ്റ്റ്.
കെ. കരുണാകരൻ എന്ന വ്യക്തിയെയും തന്നെയും സ്നേഹിച്ച നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് ആഴത്തിൽ മുറിവേൽപ്പിച്ചു എന്ന തിരിച്ചറിവിലാണ് ഒരു മടങ്ങി വരവിന് തയ്യാറെടുത്തതെന്നും പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….
വികാരപരമായ ഒരു നിമിഷത്തിൽ ഞാൻ എടുത്ത തെറ്റായ തീരുമാനമായിരുന്നു ബിജെപി പ്രവേശനം എന്ന് രാജിവെച്ച വേളയിൽ ഞാൻ പറഞ്ഞത് ഹൃദയത്തിന്റെ ഭാഷയിലാണ്. അന്ന് ഞാൻ എടുത്ത തീരുമാനം കെ. കരുണാകരൻ എന്ന വ്യക്തിയെയും എന്നെയും സ്നേഹിച്ച നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് ആഴത്തിൽ മുറിവേൽപ്പിച്ചു എന്ന തിരിച്ചറിവിലാണ് ഒരു മടങ്ങി വരവിന് ഞാൻ തയ്യാറെടുത്തത്.
ഏതെങ്കിലും ഒരു പദവി മോഹിച്ചല്ല മറിച്ച് ഒരു കോൺഗ്രസ്സുകാരിയായി മാറണം എന്നത് മാത്രമാണ് എന്റെ മനസ്സിലുള്ളത്. പല ഭാഗങ്ങളിൽ നിന്നും ഉള്ള കോൺഗ്രസ് പ്രവർത്തകരുടെ വിമർശനങ്ങൾ പൂർണ്ണമായും ഉൾക്കൊള്ളുകയും ഓരോ കോൺഗ്രസ് പ്രവർത്തകനും പ്രസ്ഥാനത്തിനും ഏറ്റ മുറിവിന് ഹൃദയത്തിന്റെ ഭാഷയിൽ എല്ലാവരോടും ക്ഷമാപണം നടത്തുവാനും ഈ അവസരം ഞാൻ വിനിയോഗിക്കുകയാണ്.
അടുത്ത മാസം അച്ഛന്റെ ചരമ വാർഷിക വേളയിൽ എന്റെ പ്രിയപ്പെട്ട കോൺഗ്രസ് പ്രവർത്തകർക്കൊപ്പം അച്ഛന്റെ സ്മൃതി കുടീരത്തിൽ ആദരവ് അർപ്പിക്കുക മാത്രമാണ് എന്റെ മുന്നിലുള്ള ലക്ഷ്യം.

