ശബരിമല : നിലയ്ക്കലിൽ അയ്യപ്പഭക്തരുമായി എത്തിയ വാഹനത്തിന്റെ ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ എ എസ് ഐ ജിജോയെ സസ്പെൻഡ് ചെയ്യാൻ നിർദേശം . പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് എറണാകുളം വടക്കൻ പറവൂർ സ്വദേശിയായ പ്രശാന്തിന് മർദ്ദനമേറ്റത്. മുഖ്യമന്ത്രിയുടെ നാട്ടുകാരനാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് തന്നെ മർദ്ദിച്ചതെന്നും പ്രശാന്ത് പറഞ്ഞിരുന്നു.
മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിനു പിന്നാലെ ശബരിമല കോ. ഓര്‍ഡിനേറ്റര്‍ കൂടിയായ എഡിജിപി പി വിജയനാണ് ജിജോയെ സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയത്. നിലയ്ക്കൽ ഗ്രൗണ്ടിൽ തീർത്ഥാടകരെ ഇറക്കുന്നതിനിടെയാണ് പാർക്കിംഗിനെ ചൊല്ലി പ്രശ്നമുണ്ടായത്. തർക്കത്തിന്റെ പലവട്ടം എ എസ് ഐ തന്നെ കയ്യേറ്റം ചെയ്തുവെന്നും പ്രശാന്ത് പറഞ്ഞു. വാഹനത്തിന്റെ താക്കോലും ഊരിയെടുത്തു . ഇത് താൻ ക്യാമറയിൽ പകർത്തിയെന്നും പ്രശാന്ത് പറയുന്നു
മട്ടാഞ്ചേരിക്കാരനല്ലേയെന്നും , അവിടെ വന്ന് പൊക്കുമെന്നും ജിജോ ഭീഷണിപ്പെടുത്തി . അപ്പോഴാണ് താൻ മട്ടാഞ്ചേരിക്കാരൻ അല്ലെന്നും മുഖ്യമന്ത്രിയുടെ നാട്ടുകാരനാണെന്നും പറഞ്ഞത്. ഇത് കേട്ടതോടെ അരിശം മൂത്ത് എ എസ് ഐ തന്നെ തല്ലുകയായിരുന്നുവെന്നും , ബഹളം കേട്ട് സമീപത്തുള്ളവർ ഓടിയെത്തിയപ്പോഴാണ് എ എസ് ഐ പിന്മാറിയതെന്നും പ്രശാന്ത് പറഞ്ഞു.

