ചെന്നൈ : കൊളത്തൂർ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ഡി എം കെ നേതാവ് എം കെ സ്റ്റാലിൻ മത്സരിച്ചേക്കുമെന്ന് സൂചന . ടിവികെ എം എൽ എ വി എസ് ബാബുവിന്റെ മരണത്തോടെയാണ് കൊളത്തൂർ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയിരിക്കുന്നത്.
കൊളത്തൂരിൽ സ്റ്റാലിൻ വീണ്ടും മത്സരിക്കണമെന്ന് ഡിഎംകെയിൽ തന്നെ ആവശ്യമുയരുന്നുണ്ട്. ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും , എന്നാൽ അദ്ദേഹം മത്സരിക്കുന്നത് കാണാൻ പ്രവർത്തകർക്ക് ഏറെ താല്പര്യമുണ്ടെന്നുമാണ് ഡിഎംകെ എംപി സി. രവീന്ദ്രൻ പറയുന്നത്.
‘ ഇത് ഞങ്ങളുടെ നേതാവിന്റെ മണ്ഡലമാണ് . തീരുമാനവും അദ്ദേഹത്തിന്റേതാണ്. അദ്ദേഹത്തിന് മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയൂ. എങ്കിലും ഡി എം കെ പ്രവർത്തകർ എന്ന നിലയിൽ അദ്ദേഹം മത്സരിക്കുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അന്തിമ തീരുമാനവും ഞങ്ങളുടെ നേതാവിന്റേതായിരിക്കും ‘ – രവീന്ദ്രൻ പറഞ്ഞു.
82,997 വോട്ടുകൾ നേടിയാണ് ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കൊളത്തൂർ മണ്ഡലത്തിൽ വി എസ് ബാബു ജയിച്ചത്. 74,202 വോട്ടുകളാണ് അന്ന് എം കെ സ്റ്റാലിന് ലഭിച്ചത് . 2011 മുതൽ കൊളത്തൂരിൽ വിജയം മാത്രം സ്വന്തമാക്കി മുന്നോട്ട് കുതിച്ച സ്റ്റാലിനേറ്റ തിരിച്ചടിയായിരുന്നു ഇത് .
ഡി എം കെയെ സംബന്ധിച്ചിടത്തോളം നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം നഷ്ടപ്പെട്ട സ്വാധീനം വീണ്ടെടുക്കാനും രാഷ്ട്രീയ നില ഭദ്രമാക്കാനുമുള്ള അവസരമാകും ഈ തെരഞ്ഞെടുപ്പ് .

