ന്യൂഡൽഹി ; ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവലിന്റെ സന്ദർശനത്തിന് പിന്നാലെ ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിന്റെ സിഖ്സ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) ഫോറത്തെ കാനഡ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. ഇതോടെ എസ്എഫ്ജെയുടെ എല്ലാ ആസ്തികളും മരവിപ്പിക്കുകയും എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായും നിരോധിക്കുകയും ചെയ്യും .
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, എസ്എഫ്ജെ കാനഡയിൽ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കുമെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ ഉൾപ്പെടെയുള്ള ഭീഷണികൾ ഇടയ്ക്കിടെ പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച കാനഡ സന്ദർശിച്ച അജിത് ഡോവൽ, കനേഡിയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു . കൂടിക്കാഴ്ചയിൽ, ഇന്ത്യയിലെയും കാനഡയിലെയും സുരക്ഷാ, ക്രമസമാധാന ഏജൻസികളിൽ ലെയ്സൺ ഓഫീസർമാരെ വിന്യസിക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചു.
ശനിയാഴ്ച കാനഡ പ്രധാനമന്ത്രിയുടെ ഡെപ്യൂട്ടി സെക്രട്ടറിയും ദേശീയ സുരക്ഷാ, ഇന്റലിജൻസ് ഉപദേഷ്ടാവുമായ നതാലി ജി. ഡ്രൗയിനുമായി എൻഎസ്എ അജിത് ഡോവൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളുടെയും പൗരന്മാരെ സംരക്ഷിക്കുന്നതിനായി നടന്നുകൊണ്ടിരിക്കുന്ന സംരംഭങ്ങളുടെ പുരോഗതി ഇരുപക്ഷവും അവലോകനം ചെയ്തു.
പലതരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിലും പങ്കു തെളിഞ്ഞതിനെ തുടർന്ന് 2020ൽ ഇന്ത്യ പന്നുനിനെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി. പന്നുനിന്റെ കൃഷിഭൂമിയും സർക്കാർ കണ്ടുകെട്ടി. പഞ്ചാബിൽ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട മൂന്നു കേസുകളിലടക്കം 22 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഗുർപത്വന്ത് സിംഗ് പന്നുൻ.

