ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് ദേശീയ ദുഃഖാചരണം നിലനിൽക്കുന്ന സാഹചര്യത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിയറ്റ്നാം യാത്രക്കെതിരെ വിമർശനവുമായി ബിജെപി. രാഹുൽ വിയറ്റ്നാമിലേക്ക് പോകുന്നത് പുതുവർഷം ആഘോഷിക്കാനാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. എന്നാൽ, മന്മോഹൻ സിംഗിന്റെ സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് തിരിച്ചടിച്ചു.
മന്മോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് ഡിസംബർ 26 മുതൽ 7 ദിവസത്തേക്കാണ് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നത്. മന്മോഹൻ സിംഗിന്റെ വിയോഗത്തിൽ രാജ്യം വിലപിക്കുമ്പോൾ പുതുവത്സരാഘോഷങ്ങൾക്ക് വേണ്ടി രാഹുൽ ഗാന്ധി വിയറ്റ്നാമിലേക്ക് പറക്കുകയാണ്. നെഹ്രു കുടുംബത്തിനും കോൺഗ്രസിനും എന്നും സിഖ് വംശജരോട് വിരോധമാണ്. ഇന്ദിര ഗാന്ധി ദർബാർ സാഹിബിനെ കളങ്കപ്പെടുത്താൻ ശ്രമിച്ചതിന് തുല്യമായ നടപടിയാണ് രാഹുലിന്റെ വിയറ്റ്നാം യാത്രയെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു.
എന്നാൽ ബിജെപിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ തിരിച്ചടിച്ചു. സംഘികൾ നടത്തുന്നത് യഥാർത്ഥ പ്രശ്നത്തിൽ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള നീക്കമാണ്. ഡോക്ടർ മന്മോഹൻ സിംഗിന് യമുനാ തീരത്ത് സ്വച്ഛമായ ഒരു അന്ത്യവിശ്രമ സ്ഥലം പോലും അവർ നിഷേധിച്ചു. രാഹുൽ ഗാന്ധി വ്യക്തിപരമായ ആവശ്യങ്ങൾക്ക് വിദേശത്തേക്ക് പോയെങ്കിൽ അതിൽ ഇവർക്കെന്താണ് കാര്യമെന്നും ടാഗോർ ചോദിച്ചു.
പ്രതിപക്ഷ നേതാവിൽ നിന്നും പര്യടന നേതാവിലേക്ക് രാഹുൽ ചുവടുമാറി എന്നായിരുന്നു ബിജെപി വക്താവ് ഷഹ്സാദ് പൂനാവാലയുടെ പരിഹാസം. മുംബൈ ഭീകരാക്രമണത്തിൽ രാജ്യം വിറങ്ങലിച്ച് വിലപിക്കുമ്പോഴും രാഹുൽ നിശാപാർട്ടി ആസ്വദിക്കുകയായിരുന്നുവെന്നും പൂനാവാല കുറ്റപ്പെടുത്തി. മന്മോഹൻ സിംഗിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന ചടങ്ങിലെ നെഹ്രു കുടുംബത്തിന്റെ അസാന്നിദ്ധ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.