ഗുവഹാത്തി : വെള്ളപ്പൊക്കത്തിൽ സർവ്വതും നഷ്ടപ്പെട്ട അസമിന് സഹായഹസ്തവുമായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി . അസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി രൂപയാണ് അദ്ദേഹം സംഭാവനയായി നൽകിയത് . മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
സാമ്പത്തിക സഹായത്തിന് പുറമേ, സംസ്ഥാനത്തുടനീളമുള്ള ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾക്ക് മറ്റ് സഹായങ്ങളും ഗൗതം അദാനി നൽകുന്നുണ്ട്. അദാനി ഗ്രൂപ്പിന്റെ സാമൂഹികക്ഷേമ വികസന വിഭാഗമായ അദാനി ഫൗണ്ടേഷൻ, അദാനി സ്മാർട്ട് മീറ്റർ , അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ് എന്നിവയുടെ പിന്തുണയോടെ, അപ്പർ അസമിലുടനീളം വെള്ളപ്പൊക്ക ദുരിതാശ്വാസ പരിപാടി ആരംഭിച്ചിട്ടുണ്ട് . ശിവസാഗർ ജില്ലയിലെ നസീറ സബ് ഡിവിഷനിലും ധേമാജി ജില്ലയിലെ സിലാപത്തറിലുമുള്ള ഏകദേശം 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ കിറ്റുകളും വിതരണം ചെയ്യുന്നുണ്ട് .
സംസ്ഥാനത്ത് നിലവിൽ 54 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 12,994 പേർക്കാണ് ഇവിടെ അഭയം നൽകുന്നത് . കൂടാതെ, 26 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങൾ വഴി 5,384 പേർക്ക് സഹായം ലഭിക്കുന്നുണ്ട്. ശിവസാഗറിൽ ഒരു എൻജിഒ സംഘടിപ്പിച്ച വെള്ളപ്പൊക്ക ദുരിതാശ്വാസ വിതരണ പരിപാടിയിൽ പങ്കെടുക്കാൻ നടൻ രൺദീപ് ഹൂഡയും അസമിലെത്തി. വെള്ളപ്പൊക്ക ബാധിതർക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന്റെയും, അവശ്യ ദുരിതാശ്വാസ സാധനങ്ങൾ എത്തിക്കുന്നതിന്റെയും ഒപ്പം ഹൂഡ ഉണ്ടായിരുന്നു.
വെള്ളപ്പൊക്കത്തിൽ വലയുന്നവർക്കായി പ്രാർത്ഥനകൾ അർപ്പിക്കാൻ അദ്ദേഹം ഗുരുദ്വാര സാഹിബിലും എത്തി.”ഇത് ശിവസാഗർ റെയിൽവേ സ്റ്റേഷനാണ്, ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്നുള്ള നിരവധി കുടുംബങ്ങൾ ഇവിടെ ഒത്തുകൂടി. ഞങ്ങൾ ഭക്ഷണം പാകം ചെയ്ത് അവർക്ക് എത്തിക്കുന്നു; കഴിഞ്ഞ ഏഴ് ദിവസമായി ഞങ്ങൾ ഇത് ദിവസവും ചെയ്യുന്നു. മനുഷ്യത്വമാണ് ആദ്യം വേണ്ടത്. വർഷങ്ങളായി ഞാൻ ‘ഗ്ലോബൽ സിഖ്സ്’ എന്ന ടീമിനൊപ്പം പ്രവർത്തിക്കുന്നു. പ്രതിസന്ധി നേരിടുന്നിടത്തെല്ലാം തങ്ങളാൽ കഴിയുന്ന വിധത്തിൽ സഹായിക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. മനുഷ്യരെന്ന നിലയിൽ, സഹമനുഷ്യരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. “ എന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, കാർത്തിക് ആര്യൻ അസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകിയിരുന്നു.

