കൊൽക്കത്ത : ബംഗാളിലെ നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാന് ജാമ്യം അനുവദിച്ച് കൽക്കട്ട ഹൈക്കോടതി . ആറ് കേസുകളിൽ ഒക്ടോബർ 20 വരെയാണ് ഹൈക്കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചത് . 20,000 രൂപയുടെ ജാമ്യത്തിലാണ് പ്രധാന് ജാമ്യം ലഭിച്ചത്.
വിധിയെത്തുടർന്ന്, മിലൻ പ്രധാൻ ജയിൽ മോചിതനായി നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കും. ഇടക്കാല ജാമ്യം അനുവദിച്ചതു കൊണ്ട് തന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനും മിലന് കഴിയും. ഒക്ടോബർ 6 ന് നടക്കാനിരിക്കുന്ന നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനും പ്രചാരണം നടത്താനും ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് മിലൻ പ്രധാൻ നൽകിയ ഹർജി പരിഗണിച്ച് ജസ്റ്റിസ് തീർത്ഥങ്കർ ഘോഷാണ് ജാമ്യം അനുവദിച്ചത്.
നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷമാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്നും 2007 ലെ നന്ദിഗ്രാം പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന സമയത്ത് പ്രധാൻ കസ്റ്റഡിയിൽ ഇല്ലായിരുന്നു . 2007 ന് ശേഷം ഏതെങ്കിലും കുറ്റകൃത്യത്തിൽ തിരയുന്നയാളാണ് മിലൻ പ്രധാനെന്ന് തെളിയിക്കുന്ന ഒരു തെളിവും പൊലീസ് ഹാജരാക്കിയിട്ടില്ലെന്നും കോടതി കണ്ടെത്തി. തെരഞ്ഞെടുപ്പിൽ മമത മിലൻ പ്രധാന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മിലനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇതിനെതിരെ മമത രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു.

