ന്യൂഡൽഹി : അതിർത്തി കടന്നുള്ള ഭീകരവാദ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കേരളം , ബംഗാൾ, അസം എന്നിവിടങ്ങളിലെ 16 സ്ഥലങ്ങളിൽ എൻ ഐ എ ഒരേസമയം പരിശോധന നടത്തി . നിരോധിത സംഘടനയായ ജമാഅത്ത്-ഉൽ-മുജാഹിദീൻ ബംഗ്ലാദേശിന്റെ ഉപവിഭാഗമായ ‘ഇമാം മഹ്മൂദർ കഫില’ ആസൂത്രണം ചെയ്ത ഭീകര ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് നടപടി. അസമിലെ 10 സ്ഥലങ്ങളിലും പശ്ചിമ ബംഗാളിലെ 5 സ്ഥലങ്ങളിലും കേരളത്തിലെ ഒരിടത്തുമാണ് പരിശോധനകൾ നടന്നത്.
ഇമാം മഹ്മൂദർ കഫില’യുടെ നേതൃത്വത്തിലുള്ള ഗൂഢാലോചനയിൽ പങ്കാളികളായ 11 പേർക്കെതിരെ മൂന്ന് മാസം മുമ്പ് സമർപ്പിച്ച കുറ്റപത്രത്തിന്റെ തുടർച്ചയായാണ് ഭീകരവിരുദ്ധ ഏജൻസിയുടെ നടപടി. ഗുവാഹത്തിയിലെ പ്രത്യേക എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ, ‘ഭാരതീയ ന്യായ സംഹിത 2023’, ‘നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം 1967′ (UAPA) എന്നിവയിലെ പ്രധാന വകുപ്പുകൾ പ്രകാരമാണ് കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകൾ പ്രകാരം, കേരളം, പശ്ചിമ ബംഗാൾ, അസം, ത്രിപുര തുടങ്ങിയ വടക്കുകിഴക്കൻ മേഖലകളിൽ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി വിപുലമായ പദ്ധതികൾ നടത്തിയിരുന്നതായാണ് കണ്ടെത്തൽ . യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കുക, തീവ്രവാദ പ്രചാരണം നടത്തുക, ഇന്ത്യയ്ക്കുള്ളിൽ സംഘടനയുടെ രഹസ്യ ശൃംഖല വിപുലീകരിക്കുക എന്നിവയായിരുന്നു സംഘടനയുടെ പ്രധാന ലക്ഷ്യങ്ങൾ.
ഇന്ത്യൻ മണ്ണിൽ നിരോധിത സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഇമാം മഹ്മൂദ് ഹബീബുള്ളയാണ് ഇമാം മഹ്മൂദർ കഫില’ രൂപീകരിച്ചതെന്ന് ഏജൻസിയുടെ അന്വേഷണത്തിൽ തെളിഞ്ഞു.അസമിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് നസിമുദ്ദീനും , ത്രിപുരയിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ജാഗിർ മിയയുമാണെന്നും വ്യക്തമായിട്ടുണ്ട്.

