തിരുവനന്തപുരം ; സംസ്ഥാനത്തു 38 തദ്ദേശ വാർഡുകളിലേക്കു നടന്ന ഉപ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മേൽക്കൈ . 18 സീറ്റുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. യുഡിഎഫ് 19 സീറ്റുകളിൽ ജയിച്ചു. കഴിഞ്ഞ തവണ 22 സീറ്റുകളാണ് യുഡിഎഫിനുണ്ടായിരുന്നത്. മൂന്ന് സീറ്റുകളാണ് യുഡിഎഫിന് ഇത്തവണ നഷ്ടമായത് . എന്‍ഡിഎ ഒരു സീറ്റിൽ ജയിച്ചു. പൂതൃക്ക പഞ്ചായത്തില്‍ എൻഡിഎ മുന്നണിയിലെ ട്വന്റി ട്വന്റിയാണ് വിജയിച്ചത്.
ആലപ്പുഴയും കൊല്ലവും ഒഴികെ 12 ജില്ലകളിലും ഉപതെരഞ്ഞെടുപ്പ് നടന്നു. വി.ഡി.സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നടക്കുന്ന ആദ്യ ഉപതിരഞ്ഞെടുപ്പാണിത്. ഇടുക്കിയിലെ മുട്ടം പഞ്ചായത്തിൽ എൽഡിഎഫിൽ നിന്ന് ഒമ്പതാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. കണ്ണൂരിൽ വോട്ടെടുപ്പ് നടന്ന രണ്ട് സീറ്റുകളിലും എൽഡിഎഫ് വിജയിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ധർമ്മടം മണ്ഡലത്തിലുള്ള പെരളശ്ശേരിയിലെ ബാവോട് ഈസ്റ്റ് വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് തിരിച്ചുപിടിച്ചു .
കെ.വി. രതീഷ് 65 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഈ സീറ്റ് നേടിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 13 വോട്ടിന് യുഡിഎഫ് ആയിരുന്നു ഇവിടെ വിജയിച്ചിരുന്നത്. മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ വാർഡിൽ എ.കെ. സുരേഷ് കുമാർ 276 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 269 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഎം ആയിരുന്നു ഇവിടെ വിജയിച്ചിരുന്നത്.
കണ്ണൂർ, കോട്ടയം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ എൽഡിഎഫും ഇടുക്കി, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ യുഡിഎഫും നേട്ടമുണ്ടാക്കി. ചിറയിന്‍കീഴില്‍ യുഡിഎഫിനു കനത്ത തിരിച്ചടിയുണ്ടായി. ചിറയിന്‍കീഴ് നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചുതെങ്ങ്, മംഗലപുരം വാർഡുകളിൽ എല്‍ഡിഎഫ് അട്ടിമറി വിജയം നേടി
പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തിൽ എൽഡിഎഫ് വിജയിച്ചപ്പോൾ ചാലക്കുടി നഗരസഭയിൽ യുഡിഎഫ് വിജയിച്ചു. രണ്ട് കോർപ്പറേഷൻ വാർഡുകൾ , മൂന്ന് നഗരസഭാ വാർഡുകൾ , മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. 2025-ൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പാണിത്.

