കൊൽക്കത്ത : വിദ്വേഷ പ്രസംഗ കേസിൽ ടിഎംസി എംപി മഹുവ മൊയ്ത്രയ്ക്കെതിരെ അറസ്റ്റ് വാറണ്ട് . കേസിൽ നാദിയ ജില്ലാ കോടതിയുടെ സമൻസ് പാലിക്കാത്തതിനും അവഗണിച്ചതിനുമാണ് മഹുവ മൊയ്ത്രയ്ക്കെതിരെ നിയമപരമായി കുറ്റം ചുമത്തി വാറണ്ട് പുറപ്പെടുവിച്ചത് .
വിദ്വേഷ പ്രസംഗ കേസിൽ ഹാജരാകണമെന്ന കോടതി ഉത്തരവ് മഹുവ നിരന്തരം അവഗണിച്ചിരുന്നു . ബംഗാളിലെ നാദിയ ജില്ലയിലെ കൃഷ്ണനഗർ കോടതിയാണ് മഹുവ മൊയ്ത്രയ്ക്കെതിരെ ബുധനാഴ്ച അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാൻ ഉത്തരവിട്ടത്. അറസ്റ്റ് വാറണ്ട് നടപ്പിലാക്കിയതിനെക്കുറിച്ചുള്ള റിപ്പോർട്ട് ഓഗസ്റ്റ് 28 ന് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. സ്ത്രീകളെ അപമാനിച്ചതിനും വിദ്വേഷ പ്രസംഗം നടത്തിയതിനുമാണ് മഹുവ മൊയ്ത്രയ്ക്കെതിരെ കേസെടുത്തത്.
കോടതി പലതവണ സമൻസ് അയച്ചിട്ടും മഹുവ ഹാജരായില്ല. ഇന്ന് ഹാജരാകാനും കോടതി നിർദ്ദേശിച്ചിരുന്നു, പക്ഷേ മഹുവ ഹാജരായില്ല. കോടതി ഉത്തരവിന്റെ തുടർച്ചയായ അവഗണന, ഉത്തരവ് പാലിക്കുന്നതിലുള്ള പ്രതിയുടെ അവഗണന മനോഭാവത്തെയാണ് കാണിക്കുന്നതെന്നും അതിനാൽ കോടതിക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും ഉത്തരവിൽ പറഞ്ഞു.
മഹുവ മൊയ്ത്ര ഒരു കാരണവശാലും കോടതിയിൽ ഹാജരാകില്ലെന്ന് അവരുടെ അഭിഭാഷകൻ പറഞ്ഞതായും ജഡ്ജി തന്റെ ഉത്തരവിൽ ചൂണ്ടിക്കാട്ടി. കോടതിയോടുള്ള അവരുടെ ബഹുമാനക്കുറവാണ് ഇത് കാണിക്കുന്നത്. ഹാജരായാൽ കോടതി പരിസരത്തിന് പുറത്ത് ശാരീരിക പീഡനത്തിന് ഇരയാകുമെന്നാണ് മഹുവയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.

