ന്യൂഡൽഹി: ഡൽഹിയിലെ തിക്രി കലാൻ മെട്രോ സ്റ്റേഷന് സമീപമുള്ള സിഎൻജി സ്റ്റേഷനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിച്ചു . മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ച മൂന്ന് പേരും ഇന്ധന സ്റ്റേഷനിലെ ജീവനക്കാരാണെന്ന് പോലീസ് പറഞ്ഞു. മനീഷ് (25) ബ്രഹ്മജീത് (34) സണ്ണി (30) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ സുർജിത്, സഞ്ജയ്, വിപിൻ എന്നിവരെ മുണ്ട്കയിലെ സിഡി ഗ്ലോബൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവരുടെ നില ഗുരുതരമാണെന്ന് ഔട്ടർ ഡൽഹി ഡിസിപി പറഞ്ഞു. ട്രക്കിന്റെ സിലിണ്ടറിൽ സിഎൻജി നിറയ്ക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ കൃത്യമായ കാരണം അറിവായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സ്ഫോടന സമയത്ത് ട്രക്കിന് സമീപമുണ്ടായിരുന്ന ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അവരിൽ മൂന്ന് പേർ പിന്നീട് മരണമടഞ്ഞുവെന്നുമാണ് റിപ്പോർട്ടുകൾ.

