തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്കോ ജീവനക്കാർക്ക് ‘ബമ്പർ’ ബോണസ് . മുൻ വർഷങ്ങളിലെന്നപോലെ, ഇത്തവണയും ബോണസ് ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ്. പരമാവധി ബോണസ് തുക 1,05,000 രൂപ. ഇത്തവണ ജീവനക്കാർക്ക് കഴിഞ്ഞ വർഷത്തേക്കാൾ 2,500 രൂപ കൂടുതലാണ് ലഭിക്കുന്നത്. എക്സൈസ് മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം.
അഡ്വാൻസായി 50,000 രൂപ നൽകാനും യോഗത്തിൽ തീരുമാനിച്ചു. എപ്ളോയ്മെന്റ് ജീവനക്കാർക്കുള്ള ബോണസ് 250 രൂപ വർദ്ധിപ്പിച്ച് 6250 രൂപയായി. തൂപ്പുകാർക്കും 6,750 രൂപ നൽകും. ഹെഡ് ഓഫീസിലെയും വെയർഹൗസിലെയും സുരക്ഷാ ജീവനക്കാർക്ക് ബോണസായി 13,000 രൂപ നൽകാനും തീരുമാനിച്ചു. കഴിഞ്ഞ വർഷം മാർച്ച് 31 ന് ബെവ്കോ 124.10 കോടി രൂപ ലാഭം നേടി.
എന്നാൽ, ഗാലനേജ് ഫീസ് നിലവിൽ വന്നതോടെ ഈ വർഷം മാർച്ച് 31 ന് ബെവ്കോയ്ക്ക് 281.95 കോടി രൂപയുടെ നഷ്ടമുണ്ടായി. ഗാലനേജ് ഫീസ് പ്രശ്നം ഗൗരവമായി പഠിച്ച് ധനകാര്യ വകുപ്പിന്റെ അംഗീകാരത്തിനായി അയയ്ക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. കഴിഞ്ഞ വർഷവും ഓണത്തിന് ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്ക് റെക്കോർഡ് ബോണസ് നൽകി. കഴിഞ്ഞ സീസണിൽ സ്ഥിരം ജീവനക്കാർക്ക് 102,500 രൂപയാണ് ബോണസായി നൽകിയത്.

