ന്യൂഡൽഹി : ചെങ്കോട്ടയ്ക്ക് സമീപം 13 പേരുടെ മരണത്തിനിടയാക്കിയ ഡൽഹി സ്ഫോടനത്തിന് പിന്നിലെ എല്ലാ കുറ്റവാളികളെയും കണ്ടെത്താൻ ഉത്തരവിട്ട് ആഭ്യന്തരമന്ത്രി അമിത് ഷാ . സ്ഫോടനത്തെത്തുടർന്ന് ആഭ്യന്തരമന്ത്രി നടത്തിയ രണ്ടാമത്തെ സുരക്ഷാ അവലോകനത്തിന് ശേഷമാണ് ഈ ഉത്തരവ്.
ഈ സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. “ഡൽഹി കാർ സ്ഫോടനത്തെക്കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥരുമായി അവലോകന യോഗങ്ങൾ വിളിച്ചു. ഈ സംഭവത്തിന് പിന്നിലെ ഓരോ കുറ്റവാളിയെയും വേട്ടയാടി പിടിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. ” അമിത് ഷാ എക്സിൽ കുറിച്ചു.
സ്ഫോടനത്തെത്തുടർന്ന് ദേശീയ തലസ്ഥാനത്തും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുമുള്ള സുരക്ഷാ സ്ഥിതി അവലോകനം ചെയ്യാനായി അമിത് ഷാ രണ്ടുതവണ യോഗം വിളിച്ച് ചേർത്തു. ആദ്യ യോഗത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ ദേക, ഡൽഹി പോലീസ് കമ്മീഷണർ സതീഷ് ഗോൾച്ച, എൻഐഎ ഡയറക്ടർ ജനറൽ സദാനന്ദ് വസന്ത് ദേത് എന്നിവർ പങ്കെടുത്തു. ജമ്മു കശ്മീർ ഡയറക്ടർ ജനറൽ ഓഫ് പോലീസ് നളിൻ പ്രഭാത് യോഗത്തിൽ വെർച്വലായി പങ്കെടുത്തു.
ചർച്ചകൾക്കിടയിൽ, സ്ഫോടനത്തിന് ശേഷമുള്ള സ്ഥിതിഗതികളെക്കുറിച്ചുള്ള വിശദമായ വിലയിരുത്തലുകൾ മുതിർന്ന ഉദ്യോഗസ്ഥർ അവതരിപ്പിച്ചു. സ്ഫോടനത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

