ബെംഗളൂരു: കോടിക്കണക്കിന് രൂപയുടെ സ്വർണം കടത്തിയ കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിനെതിരെ റവന്യൂ ഇന്റലിജൻസ് 102 കോടി രൂപ പിഴ ചുമത്തി. രന്യയാണ് കേസിലെ പ്രധാന പ്രതി. അവർക്കൊപ്പം മറ്റ് മൂന്ന് പേർക്കും പിഴ ചുമത്തിയിട്ടുണ്ട് . ഡിജിപി രാമചന്ദ്ര റാവുവിന്റെ ദത്തുപുത്രിയാണ് രന്യ.
മാർച്ച് 3 ന് ദുബായിൽ നിന്ന് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് 12.5 കോടി രൂപ വിലമതിക്കുന്ന 14.2 കിലോഗ്രാം സ്വർണ്ണക്കട്ടികളുമായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ രണ്യ റാവുവിനെ പിടികൂടിയത്. പിന്നീട് 2.06 കോടി രൂപയുടെ കറൻസിയും 2.67 കോടി രൂപയുടെ സ്വർണ്ണവും രന്യയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തു.
സ്വർണ്ണക്കടത്ത് കാരിയറായിരുന്ന രന്യ ഒരു വർഷത്തിനിടെ മുപ്പത് തവണ ദുബായിലേക്ക് പോയിരുന്നു. ഇതെല്ലാം സ്വർണ്ണം കടത്താനായിരുന്നു. ഒരു കിലോ സ്വർണം കടത്തുന്നതിന് ഒരു ലക്ഷം രൂപ കമ്മീഷനായി ലഭിച്ചു. ഓരോ യാത്രയ്ക്കും ലക്ഷങ്ങൾ പ്രതിഫലമായി രന്യയ്ക്ക് ലഭിച്ചു. ഡിജിപിയുടെ ദത്തുപുത്രിയായതിന്റെയും പോലീസ് സുരക്ഷയുടെയും സ്വാധീനം ഉപയോഗിച്ച്, പരിശോധന കൂടാതെ പുറത്തുവരാൻ അവർക്ക് കഴിഞ്ഞു. ഇത് കള്ളക്കടത്തിൽ രന്യയെ സഹായിച്ചത്.

