ധാക്ക : ബംഗ്ലാദേശിൽ ഭൂചലനം . 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രകമ്പനം കൊൽക്കത്തയിലും കിഴക്കൻ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും അനുഭവപ്പെട്ടു. ബംഗ്ലാദേശിലെ ധാക്കയിൽ നിന്ന് 10 കിലോമീറ്റർ കിഴക്ക്-തെക്കുകിഴക്കായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (NCS) അറിയിച്ചു.ഭൂകമ്പ സമയത്ത് ഫാനുകളും ചുമർ ക്ലോക്കുകളും ഉലഞ്ഞതായാണ് കൊൽക്കത്ത നിവാസികൾ പറയുന്നത്.
ഭൂകമ്പം ഉണ്ടായപ്പോൾ കൊൽക്കത്തയിലെയും അയൽ പ്രദേശങ്ങളിലെയും താമസക്കാർ വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സാൾട്ട് ലേക്ക് ഐടി സെക്ടർ ഉൾപ്പെടെ കൊൽക്കത്തയുടെ ചില ഭാഗങ്ങളിൽ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു.
മുൻകരുതലിന്റെ ഭാഗമായി ചില കെട്ടിടങ്ങൾ ഒഴിപ്പിച്ചു.ഇതുവരെ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, പക്ഷേ ആളുകൾ ജാഗ്രത പാലിക്കാനും ലിഫ്റ്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാനും അധികൃതർ അഭ്യർത്ഥിച്ചു. പശ്ചിമ ബംഗാളിലെ ദക്ഷിണ, ഉത്തർ ദിനാജ്പൂർ, കൂച്ച് ബെഹാർ എന്നിവിടങ്ങളിലും മേഘാലയ, ത്രിപുര, മിസോറാം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
വ്യാഴാഴ്ച പാകിസ്ഥാനിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (NCS) പ്രസ്താവനയിൽ പറഞ്ഞു.

