ഡബ്ലിൻ: അയർലൻഡിൽ പുതിയ ഡാർട്ട് സ്റ്റേഷനായ വുഡ്ബ്രൂക്ക് സ്റ്റേഷൻ നാളെ തുറക്കും. വുഡ്ബ്രൂക്ക് സ്റ്റേഷനിൽ നിന്നുള്ള ആദ്യ ട്രെയിൻ ഞായറാഴ്ച രാവിലെ 8.54 ന് മലാഹൈഡിലേക്ക് പുറപ്പെടും. 15 വർഷത്തിന് ശേഷമാണ് പുതിയ സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുന്നത്.
തെക്കൻ ഡബ്ലിനിലെ ഷാങ്കില്ലിനും വിക്ലോയിലെ ബ്രേയ്ക്കും ഇടയിലാണ് വുഡ്ബ്രൂക്ക് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഐറിഷ് റെയിൽ ശൃംഖലയിലെ 147-ാമത്തെ ട്രെയിൻ സ്റ്റേഷനാണിത്.
വുഡ്ബ്രൂക്ക് മേഖലയിൽ നിരവധി പുതിയ വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നുണ്ടെന്ന് ഐറിഷ് റെയിൽ കമ്മ്യൂണിക്കേഷൻസ് മേധാവി ബാരി കെന്നി പറഞ്ഞു. ഇതിന്റെ ഭാഗമാണ് പുതിയെ റെയിൽവേ സ്റ്റേഷൻ. കോവിഡ് മഹാമാരിയ്ക്ക് ശേഷം പൊതുഗതാഗതം ഉപയോഗിക്കുന്നതിൽ മാറ്റം വന്നു. കോവിഡിന് ശേഷം കൂടുതൽ ആളുകൾ പൊതുഗതാഗതം ഉപയോഗിക്കുന്നുണ്ടെന്നും കെന്നി വ്യക്തമാക്കി.

