ഡബ്ലിൻ: യുഎഇയുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് ഐറിഷ് പൗരന്മാർക്ക് നിർദ്ദേശം. മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്തുകൊണ്ടാണ് നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. യുഎഇ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്ക് അത്യവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം എന്നാണ് അയർലൻഡ് വിദേശകാര്യ മന്ത്രാലയം നിർദ്ദേശിക്കുന്നത്. പശ്ചിമേഷ്യയിൽ നിലവിൽ തുടരുന്ന സംഘർഷാവസ്ഥ ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇതിന്റെ പശ്ചാത്തലത്തിലാണ് നിർദ്ദേശം.
നിലവിൽ മേഖലകളിൽ താമസിക്കുന്നവരും താത്കാലികമായി അവിടേയ്ക്ക് യാത്ര ചെയ്തവരും എത്രയും വേഗം വിദേശകാര്യ വകുപ്പിന്റെ സിറ്റിസൺസ് രജിസ്ട്രേഷൻ സംവിധാനത്തിൽ പേര് രജിസ്റ്റർ ചെയ്യണം. അടിയന്തിര സാഹചര്യം ഉണ്ടായാൽ വ്യോമപാത അടയ്ക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

