ശ്രീനഗർ : ആക്ടിവിസ്റ്റ് സോനം വാങ്ചുകിന്റെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തി വയ്ക്കാൻ ഉത്തരവിട്ട് ലഡാക്ക് ഭരണകൂടം. ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്സ്’ -നോട്, ലേയിലുള്ള അവരുടെ ഡെസേർട്ട് ഫ്ലവർ സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളും നിർത്തി വയ്ക്കാനാണ് അധികൃതർ ഉത്തരവിട്ടിരിക്കുന്നത് . ജമ്മു കശ്മീർ , ലഡാക്ക് ഹൈക്കോടതിയിൽ ഈ സ്ഥാപനവുമായി ബന്ധപ്പെട്ട കേസിൽ അന്തിമ വിധി വരുന്നതുവരെയാണ് ഈ നിർദേശം.
ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്സ്ന് അനുവദിച്ചിരുന്ന 134.5 ഏക്കർ ഭൂമി ഭരണകൂടം റദ്ദാക്കിയതുമായി ബന്ധപ്പെട്ടതാണ് കേസ്. ലേയിലെ തഹസിൽദാർ ഓഫീസ് ഈ മാസം ഒന്നിനാണ് ഇതു സംബന്ധിച്ച നോട്ടീസ് ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്സിന്റെ സഹസ്ഥാപകയും, സോനത്തിന്റെ ഭാര്യയുമായ ഗീതാഞ്ജലി ജെ ആങ്മോയ്ക്ക് കൈമാറി.
അധികൃതരിൽ നിന്ന് ആവശ്യമായ അനുമതികളോ,ക്ലിയറൻസുകളോ നേടാതെയാണ് ഫ്യാങിലുള്ള ഡെസേർട്ട് ഫ്ലവർ സ്കൂളിൽ ക്ലാസുകളും മറ്റ് പ്രവർത്തനങ്ങളും ആരംഭിച്ചതെന്ന് നോട്ടീസിൽ പറയുന്നു.സ്കൂളിന്റെ മാനേജിംഗ് കമ്മിറ്റിയിലേയ്ക്ക് നിർദേശിക്കപ്പെട്ട അംഗങ്ങൾക്കയി നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട സെപ്റ്റംബറിൽ ആങ്മോ അയച്ച കത്തിനെ പറ്റിയും നോട്ടീസിൽ പറയുന്നു.
കോടതി നടപടികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഹൈക്കോടതി അന്തിമ വിധി പറയുന്നതുവരെയോ അല്ലെങ്കിൽ കൂടുതൽ നിർദ്ദേശങ്ങൾ നൽകുന്നതുവരെയോ, സ്കൂളിന്റെ പ്രവർത്തനുങ്ങളുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും സ്വീകരിക്കരുത് . നിലവിലെ സ്ഥിതി കർശനമായി തുടരണം – എന്നുമാണ് നോട്ടീസിൽ പറയുന്നത്.

