ഡബ്ലിൻ: വാഹന രജിസ്ട്രേഷൻ നികുതി വർദ്ധിപ്പിക്കാൻ അയർലന്റ് സർക്കാർ. വരാനിരിക്കുന്ന ബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. വാഹന രജിസ്ട്രേഷൻ നികുതി ഒരു ശതമാനം വർദ്ധിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.
പുതിയ വാഹനങ്ങൾക്കും ഇറക്കുമതി ചെയ്ത വാഹനങ്ങൾക്കുമാണ് ഉയർന്ന നികുതി ബാധകമാകുക. ഇതിന് പുറമേ കാർബൺഡൈ ഓക്സൈഡ് കൂടുതൽ പുറന്തള്ളുന്ന കാറുകൾക്കും വാനുകൾക്കും ഉയർന്ന രജിസ്ട്രേഷൻ നികുതി ഏർപ്പെടുത്തും. നികുതിയിൽ 15 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടാകുക. 260 ഗ്രാം/ കിലോമീറ്ററിൽ കൂടുതൽ കാർബൺഡൈ ഓക്സൈഡ് പുറന്തള്ളുന്ന വാഹനങ്ങളിൽ നിന്നുമാണ് 15 ശതമാനം ഉയർന്ന നികുതി ഈടാക്കുക. നിലവിൽ 120 ഗ്രാം/ കിലോമീറ്ററിൽ കൂടുതൽ കാർബൺഡൈ ഓക്സൈഡ് പുറന്തള്ളുന്ന വാഹനങ്ങൾക്ക് 13 ശതമാനം നികുതിയാണ് നിലവിൽ ഈടാക്കുന്നത്.

