കോർക്ക് : വാറ്റിൽ ഇളവ് നൽകി കൊണ്ടുള്ള ഐറിഷ് സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് കോർക്കിലെ റെസ്റ്റോറന്റ് ഉടമ. ബജറ്റിലെ പ്രഖ്യാപനം തികച്ചും ആശ്വാസകരമാണെന്ന് കിൻസലേ റെസ്റ്റോറന്റ് ഉടമ ലിയാം എഡ്വാർഡ്സ് പ്രതികരിച്ചു. 1971 മുതൽ കിൻസലേ റെസ്റ്റോറന്റ് കോർക്കിൽ പ്രവർത്തിച്ചുവരികയാണ്.
വാറ്റ് 13.5 ശതമാനത്തിൽ നിന്നും 9 ശതമാനമാക്കി കുറച്ചുകൊണ്ടായിരുന്നു ബജറ്റിലെ പ്രഖ്യാപനം. ഇളവുകൾ അടുത്ത വർഷം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. നികുതിയിൽ ഇളവ് വേണമെന്ന ആവശ്യം കാലാകാലങ്ങളായി റെസ്റ്റോറന്റ് ഉടമകൾ ഉന്നയിക്കുന്നുണ്ട്.
സർക്കാരിന്റെ തീരുമാനത്തിൽ അതിയായ സന്തോഷമുണ്ടെന്ന് ലിയാം എഡ്വാർഡ്സ് പറഞ്ഞു. ജനുവരി 1 മുതൽ പുതിയ നികുതി ഇളവ് പ്രാബല്യത്തിൽ കൊണ്ടുവരണം എന്നാണ് തങ്ങൾ ആവശ്യപ്പെട്ടിരുന്നത്. ജൂലൈ മുതലാണ് ഇളവ് പ്രാബല്യത്തിൽവരുന്നത് എങ്കിലും തങ്ങൾക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

