ഡബ്ലിൻ: ഗ്രേറ്റർ ഡബ്ലിൻ മേഖലയിലെ പൈപ്പിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ച് ഉയിസ് ഐറാൻ. ഇന്നലെ രാത്രി 11 മണിയോടെയാണ് അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. പണികൾ തീരുന്നത് വരെ ഡബ്ലിനിലും വിക്ലോ, കിൽഡെയർ കൗണ്ടികളിലെ ചില മേഖലകളിലും ജലവിതരണം മുടങ്ങും. 28 മണിക്കൂർ നേരത്തേയ്ക്ക് ജലവിതരണം ഉണ്ടായിരിക്കില്ലെന്നാണ് ഉയിസ് ഐറാൻ നൽകുന്ന മുന്നറിയിപ്പ്.
ഡബ്ലിനിലെ മൂന്നിലൊന്ന് ഭാഗത്തേയ്ക്കും വെള്ളം എത്തിക്കുന്ന പ്രധാന പൈപ്പിലാണ് അറ്റകുറ്റപ്പണി. അതുകൊണ്ടാണ് വലിയൊരു മേഖലയിൽ ജലവിതരണം തടസ്സപ്പെടുന്നത്. അടുത്തിടെ നടത്തിയ പരിശോധനയിൽ ഈ പൈപ്പുകളിൽ ചോർച്ചയുള്ളതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് അറ്റകുറ്റപ്പണികൾ നടത്താൻ തീരുമാനിച്ചത്. നാളെ പുലർച്ചെവരെ പണികൾ തുടരുമെന്നാണ് ഉയിസ് ഐറാൻ നൽകുന്ന മുന്നറിയിപ്പ്.
ബാങ്ക് വാരാന്ത്യ അവധി ദിനങ്ങൾ ആയതിനാൽ നേരത്തെ തന്നെ ഉയിസ് ഐറാൻ ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളം പരമാവധി ശേഖരിക്കണമെന്നും പാഴാക്കരുതെന്നും ആയിരുന്നു മുന്നറിയിപ്പ്.

