ഡബ്ലിൻ: ഫാർമസ്യൂട്ടിക്കൽ മേഖലയ്ക്ക് താരിഫ് ഏർപ്പെടുത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. താരിഫ് വലിയ മരുന്ന് ക്ഷാമത്തിന് കാരണമാകുമെന്ന് മീഹോൾ മാർട്ടിൻ പറഞ്ഞു. ഫാർമസ്യൂട്ടിക്കൽ മേഖലയ്ക്ക് 200 ശതമാനം താരിഫ് ഏർപ്പെടുത്താനാണ് അമേരിക്കയുടെ നീക്കം.
അമേരിക്കയിൽ നിന്നുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് വലിയ ലാഭമാണ് യൂറോപ്യൻ വിപണിയിൽ നിന്നും ലഭിക്കുന്നത്. എന്നാൽ 200 ശതമാനം താരിഫ് ഇതിനെ പ്രതികൂലമായി ബാധിക്കും. എല്ലാവർക്കും ദോഷം ചെയ്യും. രൂക്ഷമായ മരുന്ന് ക്ഷാമത്തിന് കാരണമാകും. അയർലന്റും യൂറോപ്യൻ യൂണിയനും ഇത്തരം താരിഫുകൾ ആഗ്രഹിക്കുന്നില്ല. താരിഫ് സമ്പദ് വ്യവസ്ഥയ്ക്ക് ദോഷമാണെന്നും മീഹോൾ മാർട്ടിൻ പറഞ്ഞു.

