ഡബ്ലിൻ: ഡബ്ലിനിൽ തുസ്ല കേന്ദ്രത്തിൽ നിന്നുള്ള 10 വയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. സർക്കാർ പരിചരണയിൽ കഴിഞ്ഞിരുന്ന കുട്ടിയ്ക്ക് നേരെ ആക്രമണം ഉണ്ടായത് സർക്കാരിന്റെ പരാജയം ആണെന്ന് അദ്ദേഹം പറഞ്ഞു. ഡെയിലിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വെസ്റ്റ് ഡബ്ലിനിൽ ഉണ്ടായ അക്രമ സംഭവം അത്യന്തം ഗൗരവമുള്ളതും വെളരെ ഞെട്ടിക്കുന്നതുമാണ്. സ്വന്തം രാജ്യത്തെ കുട്ടികളെ സംരക്ഷിക്കുകയാണ് സർക്കാരിന്റെ മൗലികമായ കടമ. എന്നാൽ ആ കടമ നിർവ്വഹിക്കുന്നതിൽ പരാജയപ്പെട്ടുവെന്നതാണ് ഡബ്ലിനിലെ സംഭവത്തിൽ നിന്നും വ്യക്തമാകുന്നത്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ശിശുക്ഷേമ മന്ത്രിയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

