ഡബ്ലിൻ: ചെറിയ പാഴ്സലുകൾ പോസ്റ്റ് ബോക്സുകൾ വഴി അയക്കാൻ സൗകര്യം ഒരുക്കി ആൻ പോസ്റ്റ്. 2,600 പോസ്റ്റ് ബോക്സുകൾ വഴിയാണ് ചെറിയ പാഴ്സലുകൾ അയക്കാൻ കഴിയുക. നേരത്തെ കത്തുകൾക്കും കവറുകൾക്കും വേണ്ടി മാത്രമാണ് ഈ സേവനം പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ചെറിയ പാഴ്സലുകൾ അയക്കാൻ സൗകര്യം നൽകാനുള്ള തീരുമാനം ആൻ പോസ്റ്റിനെ കൂടുതൽ ജനപ്രിയമാക്കും.
പോസ്റ്റ്ബോക്സ് ഡ്രോപ്പ് ഓഫ് എന്ന പേരിലാണ് കമ്പനി പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. ആൻ പോസ്റ്റ് മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് സൗകര്യം പ്രയോജനപ്പെടുത്താം. ക്രിസ്തുമസ് അടുത്തിരിക്കെ ആൻ പോസ്റ്റിന്റെ പ്രഖ്യാപനം സമ്മാനം അയക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. സമ്മാനങ്ങൾ അയക്കുന്നതിന് പുറമേ ഓൺലൈൻ ആയി വാങ്ങിയ സാധനങ്ങൾ സമ്മാനമായി നൽകുന്നതിനും ആൻ പോസ്റ്റ് സൗകര്യമൊരുക്കുന്നു.

