ഡബ്ലിൻ: ഐറിഷ് അത്ലറ്റ് സിയാര മജീനിന്റെ സംസ്കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് ശേഷം ജന്മനാടായ പോർട്ടഫെറിയിലെ സെന്റ് പാട്രിക്സ് പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്. സംസ്കാരത്തോട് അനുബന്ധിച്ചുള്ള പൊതുദർശനം ഇന്നലെ വൈകീട്ടോടെ പൂർത്തിയായിരുന്നു. ഞായറാഴ്ച ആയിരുന്നു സിയാരയ്ക്ക് ജീവൻ നഷ്ടമായത്. 34 വയസ്സായിരുന്നു. കുടലിലെ ക്യാൻസറിനെ തുടർന്നായിരുന്നു അന്ത്യം.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ശേഷം മജീനിന്റെ മൃതദേഹവും വഹിച്ചുള്ള യാത്ര വീട്ടിൽ നിന്നും പുറപ്പെടും. സെന്റ് പാട്രിക് പള്ളിയിലാണ് സംസ്കാരത്തോട് അനുബന്ധിച്ചുള്ള ശുശ്രൂഷകൾ നടത്തുക. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പ്രാർത്ഥനകളിൽ പങ്ക് ചേരും. ഉച്ചയ്ക്ക് ശേഷം മൃതദേഹം അടുത്തുള്ള സെമിത്തേരിയിൽ സംസ്കരിക്കും.

