കാഠ്മണ്ഡു : നേപ്പാളിൽ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് ഇന്ത്യൻ പൗരന് ദാരുണാന്ത്യം . ഇന്ത്യൻ പൗരനായ വസന്ത് കുമാർ ബലാര മധു (47 ) ആണ് മരിച്ചത് . ഇന്ത്യൻ വംശജനും, ന്യൂസിലൻഡ് പൗരനുമായ ശൈലേഷ് കിഷൻ പട്ടേലിന് പരിക്കേറ്റു.
സോലുഖുംബുവിലാണ് സംഭവം . സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഫെറിഷെ ഹെലിപാഡിൽ ലാൻഡ് ചെയ്യുന്നതിനിടെ ഫിസ്റ്റലിന്റെയും, ഡൈനാസ്റ്റി എയറിന്റെയും ഹെലികോപ്റ്ററുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി ഇൻഫർമേഷൻ ഓഫീസർ ഗ്യാനേന്ദ്ര ഭുൽ പറഞ്ഞു. അപകടത്തെക്കുറിച്ച് വിശദമായ വിവരങ്ങൾ ശേഖരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലാൻഡ് ചെയ്യുന്നതിനിടെ രണ്ട് ഹെലികോപ്റ്ററുകളുടെയും ബ്ലേഡുകൾ കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണമെന്ന് സോലുഖുംബു ഡി എസ് പി നവീൻ രാജ് ബുദ്ധതോക്കി പറഞ്ഞു. ഫിസ്റ്റൽ എയർ പൈലറ്റിനും നിസാര പരിക്കേറ്റു. പരിക്കേറ്റവരെ മൗണ്ടൻ ഹെലികോപ്റ്ററിൽ ചികിത്സയ്ക്കായി കൊണ്ടുപോയി.

