തിരുവനന്തപുരം ; പതിനേഴുകാരനെ കൊലപ്പെടുത്തി ചാക്കിൽകെട്ടി തള്ളിയ കേസിൽ പെൺസുഹൃത്തിനെയും, പ്രായപൂർത്തിയാകാത്ത മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ഒളിപ്പിക്കാൻ ഇവർ വിളിച്ചു വരുത്തിയ ക്രിമിനൽ പശ്ചാത്തലമുള്ള ഉമർ എന്നയാളേയും പിടികൂടിയിട്ടുണ്ട്.
പെൺസുഹൃത്തിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ബെൽറ്റ് ഉപയോഗിച്ച് കഴുത്തി മുറുക്കി കൊലപ്പെടുത്തിയെന്നാണ് കസ്റ്റഡിയിലുള്ള കൗമാരക്കാരൻ നൽകിയിരിക്കുന്ന മൊഴി.അച്ഛനും, മുത്തശ്ശിക്കും ഒപ്പമായിരുന്നു മരിച്ച അഭിരാമിന്റെ താമസം. അമ്മയും, സഹോദരിയും വിദേശത്താണ് ജോലി ചെയ്യുന്നത് . അഭിരാമും , പെൺസുഹൃത്തും സമൂഹമാധ്യമം വഴി നടത്തുന്ന ചാറ്റുകൾ പെൺകുട്ടിയുടെ സുഹൃത്തായ പതിനേഴുകാരനും കാണാറുണ്ടായിരുന്നു.ഇയാളുടെ ഫോണിലും ഈ അക്കൗണ്ട് ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം.
പെൺസുഹൃത്തിന്റേതെന്ന പേരിൽ അഭിരാമിന് ലഭിച്ച സന്ദേശങ്ങൾ പ്രതിയാണ് അയച്ചതെന്നാണ് സൂചന. പെൺസുഹൃത്തിനെ ചൊല്ലിയുള്ള തർക്കത്തിൽ അഭിരാം കൊല്ലപ്പെട്ടതാകാമെന്നാണ് പൊലീസ് നിഗമനം. എന്നാൽ ഇത് ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് കരുതുന്നില്ല. ഭയപ്പെടുത്താൻ വിളിക്കുകയും , ഇതിനിടെയുണ്ടായ സംഘർഷത്തിൽ അഭിരാം കൊല്ലപ്പെട്ടുമെന്നുമാണു പ്രാഥമിക വിലയിരുത്തൽ. ശ്വാസകോശ സംബന്ധമായ അസുഖമുള്ള ആളാണ് അഭിരാമെന്നു ബന്ധുക്കൾ പറഞ്ഞു.

