ഡബ്ലിൻ: അയർലൻഡിൽ തൊഴിൽ ചെയ്യുന്നവരിൽ അഞ്ചിൽ ഒരാൾ വീതം ഐറിഷ് പൗരനല്ലെന്ന് കണ്ടെത്തൽ. ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണത്തിലാണ് ഇതുമായി ബന്ധപ്പെട്ടുള്ള കണ്ടെത്തൽ. കഴിഞ്ഞ നാല് വർഷത്തിനിടെ 30,000 മുതൽ 40,000 വരെ ഇഇഎ ഇതര തൊഴിൽ പെർമിറ്റുകൾ നൽകുകയോ പുതുക്കുകയോ ചെയ്തിട്ടുണ്ടെന്നും ഇഎസ്ആർഐ വ്യക്തമാക്കുന്നു. അയർലൻഡിൽ പ്രവാസി തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് നടപടികളിൽ വലിയ മാറ്റമാണ് വന്നിരിക്കുന്നത്. ഇത് പ്രവാസി തൊഴിലാളികളുടെ എണ്ണം വർധിക്കാൻ കാരണമായി എന്നാണ് വിലയിരുത്തൽ.
ഇഎസ്ആർഐയുടെ യൂറോപ്യൻ മൈഗ്രേഷൻ നെറ്റ്വർക്ക് എംപ്ലോയ്മെന്റ് റിപ്പോർട്ട് പ്രകാരം അയർലൻഡിൽ തൊഴിലാളികൾക്ക് വലിയ ക്ഷാമം നേരിടുന്നുണ്ട്. ആരോഗ്യം, സോഷ്യൽ വർക്ക്, നിർമ്മാണം, ഐടിസി, കൃഷി, ഗതാഗതം തുടങ്ങിയ മേഖലകളിലാണ് തൊഴിലാളി ക്ഷാമം തുടരുന്നത്. പെർമിറ്റ് സംവിധാനത്തിലൂടെ റിക്രൂട്ട് ചെയ്യുന്ന സ്പോൺസറിംഗ് കമ്പനികളുടെയും എണ്ണം വർധിച്ചിട്ടുണ്ട്. കൂടുതൽ തൊഴിലുടമകളും ഇപ്പോൾ ഇഇഎ ഇതര റിക്രൂട്ട്മെന്റിനെയാണ് ആശ്രയിക്കുന്നത് എന്നും പഠനത്തിൽ സൂചിപ്പിക്കുന്നു.

