കോർക്ക്: കോർക്കിൽ കടന്നൽ കുത്തേറ്റ് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ ഇൻക്വസ്റ്റ് വിവരങ്ങൾ കേട്ട് കോടതി. ആറോളം കുത്തേറ്റ പാടുകൾ അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടെന്നും, കടന്നൽ വിഷം ഉള്ളിൽ ചെന്നാണ് മരണം സംഭവിച്ചത് എന്നുമാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്. മരിച്ച മൈക്കൽ മിക് ഷീഹാന്റെ ഭാര്യയും പോസ്റ്റ്മോർട്ടം ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡോക്ടറും കോടതിയിൽ ഹാജരായി.
മാക്റൂം കോടതി ആയിരുന്നു ഇൻക്വസ്റ്റ് കേട്ടത്. വീടിന് സമീപത്ത് ജോലി ചെയ്യുന്നവരെ സഹായിക്കാൻ പോയപ്പോഴാണ് ഷീഹാന് കടന്നൽ കുത്തേറ്റത് എന്ന് ഭാര്യ കാർമൽ ഷീഹാൻ പറഞ്ഞു. അപ്പോൾ പ്രശ്നങ്ങൾ ഒന്നും അദ്ദേഹത്തിന് ഉണ്ടായില്ല. എങ്കിലും താൻ മരുന്ന് വാങ്ങാനായി അടുത്തുള്ള കടയിൽ പോയി. തിരികെ വന്നപ്പോൾ അടുക്കളയിൽ അവശനിലയിൽ കിടക്കുകയായിരുന്നു അദ്ദേഹം. ഇതോടെ അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നും ഉച്ചയോടെ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നും കാർമൽ കോടതിയെ ബോധിപ്പിച്ചു. 2024 നവംബർ 5 ന് ആയിരുന്നു അദ്ദേഹം മരിച്ചത്.

