ഡബ്ലിൻ: അയർലൻഡിലെ ടാക്സി ഡ്രൈവർമാർ സമരത്തിലേക്ക്. അടുത്ത ആഴ്ച ആറ് ദിവസം നീണ്ട് നിൽക്കുന്ന പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ടാക്സി ഡ്രൈവേഴ്സ് അയർലൻഡ് ആണ് ഇക്കാര്യം അറിയിച്ചത്.
നാളിതുവരെയായി ടാക്സി ഡ്രൈവർമാർ നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നാണ് ടാക്സി ഡ്രൈവർമാരുടെ ആരോപണം. ഇതിൽ പ്രതിഷേധിച്ചാണ് സമരം. തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന സമരം ശനിയാഴ്ച വരെ തുടരും. നാഷണൽ ഷട്ട് ഡൗൺ പ്രതിഷേധം എന്ന നിലയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി ഡിസംബർ 8, 10, 12 തീയതികളിൽ രാവിലെ 7 മുതൽ വൈകുന്നേരം 5 വരെ മൗണ്ട്ജോയ് സ്ക്വയറിൽ നിന്ന് മെറിയോൺ സ്ക്വയറിലേക്ക് ഡ്രൈവർമാർ ടാക്സിയുമായി റാലി നടത്തും. ഡിസംബർ 9 ചൊവ്വാഴ്ചയും ഡിസംബർ 11 വ്യാഴാഴ്ചയും ഡബ്ലിൻ എയർപോർട്ട് ഗ്രൗണ്ടിന് പുറത്തുള്ള എല്ലാ ഹോൾഡിംഗ് ഏരിയകളിലും ആക്സസ് ലൊക്കേഷനുകളിലും വൈകുന്നേരം 4.30 മുതൽ 7.30 വരെ ടാക്സി ഡ്രൈവർമാരുടെ പ്രതിഷേധ പ്രകടനം നടക്കും.

