ഡബ്ലിൻ: നോർത്ത് ഡബ്ലിനിലെ ഡോളിമൗണ്ട് സ്ട്രാൻഡിൽ നീന്തുന്നതിന് നിരോധനം ഏർപ്പെടുത്തി. മലിനജല പ്ലാന്റിൽ നിന്നുള്ള മലിനജലം ഇവിടേയ്ക്ക് ഒഴുകിയെത്തുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഡോളിമൗണ്ട് സ്ട്രാൻഡിൽ ആരും നീന്തരുതെന്ന് അധികൃതർ അറിയിച്ചു.
റിങ്സെൻഡ് മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്നുള്ള മലിനജലമാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്നാണ് ഈ അവസ്ഥയുണ്ടായത്. മലിനജലത്തിൽ നീന്തുന്നത് ആളുകളിൽ ആരോഗ്യപ്രശ്നത്തിന് കാരണമാകും. ഇതേ തുടർന്നാണ് നിയന്ത്രണം. നാല് ദിവസത്തേയ്ക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നോർത്ത് ബുൾ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഡോളിമൗണ്ട് സ്ട്രാൻഡ് ഡബ്ലിൻ നഗരത്തിന് ഏറ്റവും അടുത്തുള്ള വലിയ ബീച്ചാണ്.

