ഡബ്ലിൻ: അയർലൻഡിൽ ഇസ്ലാം മത വിശ്വാസികൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നതിൽ നിർണായക പങ്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കെന്ന് കണ്ടെത്തൽ. ഹോപ്പ് ആൻഡ് കറേജ് കളക്ടീവിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ. ദി ഇസ്ലാമോഫോബിയ പ്ലേബുക്ക്: എ പ്രോജക്റ്റ് ഓഫ് ഹേറ്റ് എന്ന പേരിലാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
അയർലൻഡിലെ തീവ്രവലതുപക്ഷം പ്രചരിപ്പിക്കുന്ന തെറ്റായ വിവരങ്ങളെയും വിദ്വേഷത്തെയും ചെറുക്കുന്നതിനായി രൂപീകരിച്ച സംഘടനയാണ് ഹോപ്പ് ആൻഡ് കറേജ് കളക്ടീവ് (എച്ച്സിസി). മുസ്ലീങ്ങൾക്കെതിരായ ആക്രമണങ്ങളെ ആഘോഷിക്കുന്ന വീഡിയോകൾ അവർക്ക് നാശനഷ്ടങ്ങൾ വരുത്താൻ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകൾ എന്നിവ ഓൺലൈനായി വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇവ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ടവർ ചെയ്യുന്നില്ല.
അതിനാൽ ഇവ ഓൺലൈൻ തന്നെ തുടരുകയാണ്. ഡബ്ലിനിലെ അൽ മദീന പ്രാർത്ഥനാ ഹാളിൽ ഉണ്ടായ തീവയ്പ്പിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് പരിശോധിച്ചപ്പോൾ 1.9 ദശലക്ഷം ആളുകളാണ് ഇത് കണ്ടിരിക്കുന്നത്. സാധാരണ സോഷ്യൽ മീഡിയയിൽ വീഡിയോ കാണുന്ന പ്രേഷകരെക്കാൾ ഏകദേശം 352 മടങ്ങ് കൂടുതലാണ് ഇതെന്ന് എച്ച്സിസി ചൂണ്ടിക്കാട്ടുന്നു.

