ന്യൂഡൽഹി : ശബരിമലയിലേയ്ക്കുള്ള അയ്യപ്പഭക്തർക്ക് ഇരുമുടിക്കെട്ട് വിമാനത്തിൽ കൊണ്ടുപോകാൻ അനുമതി നൽകി വ്യോമയാന മന്ത്രാലയം. കേന്ദ്രമന്ത്രി റാം മോഹൻ നായിഡു എക്സിൽ പങ്ക് വച്ച പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. ശരണം വിളിയോടെയാണ് മന്ത്രി പോസ്റ്റ് പങ്ക് വച്ചിരിക്കുന്നത് .
‘ സ്വാമിയേ ശരണമയ്യപ്പാ, ശബരിമല തീർത്ഥാടകർ ഇരുമുടിക്കെട്ടേന്തുന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള, അഗാധമായ വിശ്വാസവും, ഭക്തിയും നിറഞ്ഞ ആചാരമാണ്. ഭക്തരുടെ ഈ വിശ്വാസത്തെയും, വികാരങ്ങളെയും മാനിച്ച് വിമാനത്തിനുള്ളിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാൻ ഭക്തർക്ക് നൽകിയിരുന്ന അനുമതി തുടർച്ചയായ മൂന്നാം വർഷവും എന്ന സന്തോഷവാർത്ത അറിയിക്കുന്നു.
അയ്യപ്പഭക്തർക്ക് യാതൊരു ബുദ്ധിമുട്ടുകളും കൂടാതെ സുഗമമായി തങ്ങളുടെ തീർത്ഥാടനം പൂർത്തിയാക്കാൻ സാധിക്കുന്നതിനായി ബി സി എ എസ് , സി ഐ എസ് എഫ്, എയർപോർട്ട് അധികൃതർ ഉൾപ്പെടെ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങൾക്കും ആവശ്യമായ എല്ലാ നിർദേശങ്ങളും നൽകിയിട്ടുണ്ട് . ഈ പുണ്യയാത്ര നടത്തുന്ന എല്ലാവർക്കും അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഉണ്ടാകട്ടെ. ‘ എന്നാണ് റാം മോഹൻ നായിഡുവിന്റെ പോസ്റ്റ്.
നേരത്തെ ശബരിമലയിലേയ്ക്ക് പോകുന്ന അയ്യപ്പഭക്തർക്ക് ഇരുമുടിക്കെട്ട് കൊണ്ടുപോകാൻ അനുമതി നൽകണമെന്ന ആവശ്യവുമായി ആന്ധ്രാപ്രദേശ് ടൂർസ് ആൻഡ് ട്രാവൽസ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു. ആചാരപ്രകാരം ഇരുമുടിക്കെട്ട് ഭക്തരുടെ കൈകളിലാണ് ഉണ്ടാകേണ്ടതെന്നും, എന്നാൽ വിശാഖപട്ടണം അടക്കമുള്ള ചില വിമാനത്താവളങ്ങളിൽ ഇരുമുടി ലഗേജിലേയ്ക്ക് മാറ്റാൻ നിർദേശിക്കുന്നുവെന്നുമായിരുന്നു പരാതി.

