ന്യൂഡൽഹി : ദ്വിദിന സന്ദർശനത്തിനായി നേപ്പാൾ പ്രധാനമന്ത്രി ബാലൻ ഷാ ഇന്ന് ഇന്ത്യയിലേയ്ക്ക് . 2026 മാർച്ചിൽ അധികാരമേറ്റ ശേഷം ബാലൻ ഷാ നടത്തുന്ന ആദ്യ ഉഭയകക്ഷി വിദേശസന്ദർശനമാണിത് . ഇന്ത്യ തന്നെ ആദ്യം സന്ദർശിക്കാൻ തീരുമാനിച്ചതിന് പിന്നിലും രാഷ്ട്രീയവും, തന്ത്രപരവുമായ നീക്കങ്ങൾ ഉണ്ടെന്നാണ് സൂചന.
നേപ്പാൾ നിലവിൽ വലിയ തലമുറമാറ്റത്തിനാണ് സാക്ഷ്യംവഹിക്കുന്നത് . മാറിക്കൊണ്ടിരിക്കുന്ന ഭൗമ രാഷ്ട്രിയ സാഹചര്യങ്ങൾക്കിടയിൽ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ബാലൻ ഷാ ഏറെ പ്രാധാന്യം നൽകുന്നുവെന്നാണ് റിപ്പോർട്ടുകൾ. മുൻപ് കാഠ്മണ്ഡു മേയറായിരുന്ന ബാലൻ ഷാ ‘ജെൻ-ഇസെഡ്’ (Gen Z) തലമുറയുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. സെപ്റ്റംബറിൽ യുഎൻ പൊതുസഭയിൽ പങ്കെടുത്തതൊഴിച്ചാൽ മറ്റ് ഉഭയകക്ഷി വിദേശ സന്ദർശനങ്ങൾക്ക് പൊതുവെ വിമുഖത കാട്ടുകയാണ് ബാലൻ ഷാ സർക്കാർ .
ചൈന സന്ദർശിക്കും മുൻപേ ഇന്ത്യ സന്ദർശിക്കാനുള്ള ബാലൻ ഷായുടെ തീരുമാനം നേപ്പാളിന്റെ സാമ്പത്തികവും, തന്ത്രപരവുമായ താല്പര്യങ്ങളിൽ ഇന്ത്യയ്ക്കുള്ള സ്ഥാനത്തെ സർക്കാർ അംഗീകരിക്കുന്നതിന്റെ സൂചനയാണ്.നേരത്തെ മൂന്ന് ദിവസത്തേയ്ക്ക് ആസൂത്രണം ചെയ്തിരുന്ന സന്ദർശനം ചുരുക്കിയെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച്ച , രാഷ്ട്രപതി ദ്രൗപദി മുർമുവിമായുള്ള ചർച്ചകൾ, ഉന്നതതല പ്രതിനിധി സംഘങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ചകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നുണ്ട്.

