കൊച്ചി : വ്യാജ ഫെയർനസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് തനിക്കും മെംമ്പ്രനസ് നെഫ്രോപ്പതി എന്ന ഗുരുതര ആരോഗ്യ പ്രശ്നം നേരിടേണ്ടി വന്നുവെന്ന് ഗായകൻ സലിം കോടത്തൂർ. രോഗ പ്രതിരോധശേഷി നഷ്ടമായെന്നും, ഉറക്ക കുറവുണ്ടെന്നും , കഠിനമായ ക്ഷീണമാണ് ഇപ്പോഴും അനുഭവപ്പെടുന്നതെന്നും സലിം ഫേസ്ബുക്ക് വീഡിയോയിൽ പറയുന്നു. ഫെയർനസ് ക്രീം ഉപയോഗിച്ച 17 കാരിയ്ക്ക് വൃക്കരോഗം ബാധിച്ചതായി വാർത്തകൾ വന്നതിനു പിന്നാലെയാണ് സലിമും തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് രംഗത്തെത്തിയത്.
കാസർകോടുള്ള ഒരു സുഹൃത്ത് വഴിയാണ് തനിക്ക് ക്രീം ലഭിച്ചത് . ക്രീമിന്റെ പേര് പറയണമെന്നുണ്ടെങ്കിലും നിയമപ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് താനത് ഒഴിവാക്കുന്നത് . രണ്ട് മാസം കൊണ്ട് ഏകദേശം ഒന്നര ബോട്ടിലാണ് ഉപയോഗിച്ചത്. ക്രീം ഉപയോഗിച്ചപ്പോൾ ചുരുങ്ങിയ ദിവസം കൊണ്ട് ഫലം കിട്ടി. എന്നാൽ വൈകാതെ യൂറിൻ ഇൻഫക്ഷൻ അനുഭവപ്പെട്ടു തുടങ്ങി. എന്നാൽ ആദ്യമൊന്നും ഇതിന്റെ കാരണം ക്രീമാണെന്ന് തനിക്ക് മനസിലായില്ല.
മാസങ്ങളോളം ചികിത്സയും, പരിശോധനകളും നടത്തിയിട്ടും കാരണം കണ്ടെത്താനായില്ല. മൂത്രം പാസ് ചെയ്യുമ്പോൾ പത പോലെ കാണാൻ തുടങ്ങി . കൺപോളകളിലും , കാലിലും നീരും ഉണ്ടായി . അങ്ങനെ പല പോഴായി ഹോസ്പിറ്റലിൽ അഡ്മിറ്റായി . മൂത്രം പരിശോധിച്ചപ്പോഴാണ് ആൽബുമിൻ പ്രശ്നവും പ്രോട്ടീൻ പോകുന്ന അവസ്ഥയുമുണ്ടെന്നത് കണ്ടെത്തുന്നത് . ഉടൻ നെഫ്രോളജിസ്റ്റിനെ കണ്ടു. അപ്പോഴാണ് പ്രോട്ടീൻ നഷ്ടമാകുന്ന അവസ്ഥയാണീതെന്നും, കിഡ്നി ഫെയിൽ വരെ വരാവുന്ന അവസ്ഥയാണെന്നും മനസിലായത്.
പിന്നീട് ഏറെക്കാലം ഇതിനുള്ള ചികിത്സകളിലായിരുന്നു. നിരന്തരം ആശുപത്രിവാസം. പരിപാടികൾ ഒഴിവാക്കേണ്ടി വന്നു, പല ഭക്ഷണങ്ങളും ഒഴിവാക്കേണ്ടി വന്നു. ആദ്യമൊന്നും ചികിത്സ ഫലിക്കാത്ത അവസ്ഥയായിരുന്നു. ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടി വരുമെന്ന് പോലും ഡോക്ടർമാർ പറയുന്ന അവസ്ഥയുണ്ടായി. ഏകദേശം ഒരു വർഷത്തോളമാണ് ഇതിന്റെ ചികിത്സയ്ക്കായി മാറ്റി വച്ചത്. മുഖമാകെ കരിവാളിച്ച അവസ്ഥയായി മാറി . തനിക്കൊപ്പം ക്രീം ഉപയോഗിച്ച നാലു സുഹൃത്തുക്കളിൽ ഒരാൾക്കും ഇത്തരത്തിൽ അസുഖം വന്നതായും സലിം പറയുന്നു.

