പത്തനംതിട്ട : ബാങ്കിൽ പണയത്തിലിരുന്ന സ്വർണ്ണാഭരണങ്ങൾ കാണാതായ സംഭവത്തിൽ ബാങ്ക് സെക്രട്ടറി അറസ്റ്റിൽ . പത്തനംതിട്ട മല്ലപ്പള്ളി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിലാണ് ക്രമക്കേട് നടന്നത് .
സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മാറനല്ലൂർ കണ്ടല രാധശ്രീ ഭവനിൽ എസ് രാധശ്രീയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് . 1200 ഓളം ഗ്രാം സ്വർണ്ണമാണ് ബാങ്കിൽ നിന്ന് കാണാതായത് . പണയസ്വർണ്ണം നഷ്ടമായെന്ന് കാട്ടി ബാങ്ക് പ്രസിഡന്റ് ജി.സതീഷ്ബാബു കീഴ്വായ്പൂരാണ് പൊലീസിൽ പരാതി നൽകിയത്. കേസിൽ ബാങ്കിലെ പ്യൂൺ വിജേഷ് ജയകുമാറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വിജേഷിൽ നിന്ന് രാധശ്രീ 15 ലക്ഷം രൂപയോളം വാങ്ങിയതായും അന്വേഷണത്തിൽ കണ്ടെത്തി.മാത്രമല്ല മല്ലപ്പള്ളിയിൽ രാധശ്രീ അടുത്തിടെ പുതിയ വീടും പണി കഴിപ്പിച്ചിരുന്നു.
റീജിയണൽ മാനേജൻ അടക്കമുള്ളവർ മാസം തോറും നടത്തുന്ന പരിശോധനയിലാണ് ഒന്നരകോടി വില മതിക്കുന്ന സ്വർണ്ണാഭരണങ്ങൾ ബാങ്കിൽ നിന്ന് നഷ്മായ വിവരം വ്യക്തമായത്. ബാങ്ക് ലോക്കർ യഥാസമയം സുരക്ഷിതമാക്കിയില്ല, കണക്കുകൾ പരിശോധിച്ചില്ല എന്നീ കുറ്റങ്ങളാണ് രാധശ്രീയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത്. കൂടുതൽ സ്വർണ്ണമോ, പണമോ നഷ്ടപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

