ഡബ്ലിൻ: ഐറിഷ് ഫ്ളോട്ടിലയിലെ ആക്ടിവിസ്റ്റുകളെ മതത്തിന്റെ അടിസ്ഥാനത്തിൽ ഇസ്രായേൽ സേന വേർതിരിച്ചതായി വെളിപ്പെടുത്തൽ. മടങ്ങിയെത്തിയ ഡയർമുയിഡ് മാക് ദുബ്ഗ്ലൈസ് ആണ് വെളിപ്പെടുത്തൽ നടത്തിയത്. ശുദ്ധജലം പോലും നൽകാതെ ദിവസങ്ങളോളമാണ് തങ്ങൾക്ക് ജയിയിൽ താമസിക്കേണ്ടിവന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജയിലിലാക്കുന്നതിന് മുന്നോടിയായി ഇസ്രായേൽ സേനാംഗങ്ങൾ തങ്ങളുടെ മതം ചോദിച്ചതായി ദുബ്ഗ്ലൈസ് പറഞ്ഞു. ക്രിസ്ത്യാനി ആണോ മുസ്ലീം ആണോ എന്ന് അവർ ചോദിച്ചു. തുടർന്ന് ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും വേവ്വേറെ സെല്ലുകളിലാക്കി. 15 പേർ അടങ്ങിയ സെല്ലിൽ ആയിരുന്നു തന്നെ പാർപ്പിച്ചത്. ടോയ്ലറ്റ് വെള്ളം ഒഴുകുന്ന ഒരു ടാപ്പ് മാത്രമായിരുന്നു സെല്ലിൽ ഉണ്ടായിരുന്നത്. ആറ് ദിവസം ശുദ്ധജലം ലഭിക്കാതെ തങ്ങൾ തടവിൽ കഴിഞ്ഞു. കുളിക്കാൻ പോലുമുള്ള അനുവാദം നൽകിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

